
ചെന്നൈ: ഐപിഎല്‍ പ്രാഥമിക റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഹര്‍ഷിത് റാണ മായങ്ക് അഗര്‍വാളിന് ഫ്‌ളയിംഗ് കിസ് നല്‍കിയത് വിവാദമായിരുന്നു. അഗര്‍വാള്‍ പുറത്തായി പോവുമ്പോഴാണ് ഹര്‍ഷിത് ഇത്തരത്തില്‍ ചെയ്തത്. പിന്നാലെ താരത്തിന് മാച്ച് റഫറി ശിക്ഷയും വിധിച്ചു. മാച്ച് റഫറി മനു നയ്യാര്‍ മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തുകയായിരുന്നു.
ഹര്‍ഷിത് റാണ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 കുറ്റം ചെയ്തതായി മാച്ച് റഫറി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒന്നാം ക്വാളിഫയറിലും പിന്നാലെ ഫൈനലിലും ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത കിരീടം നേടുന്നത്. കിരീടം നേടിയ ശേഷം ആഘോഷത്തിനിടെ ഫ്‌ളയിംഗ് കിസ് ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ഇത്തവണ ടീം ഒന്നടങ്കമാണ് ഫ്‌ളയിംഗ് നല്‍കുന്നത്. ഇക്കൂട്ടത്തില്‍ ഫ്രാഞ്ചൈസി ഉടമയായ ഷാരൂഖ് ഖാനുമുണ്ട്. എന്തായാലും അവസാന ചിരി ഹര്‍ഷിത് റാണയുടേതായി. വീഡിയോ കാണാം...
ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.