ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇന്ത്യന്‍ ആരാധകരുടെ എല്ലാ കണ്ണുകളും ടീമിന്‍റെ ഏറ്റവും മികച്ച പേസര്‍ ജസ്‌പ്രീത് ബുമ്രയിലാണ്

ബാര്‍ബഡോസ്: പരിക്ക് കാരണം ഏറെക്കാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെ മടങ്ങിവരും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നല്‍കുന്ന സൂചന ആരാധകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്.

ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇന്ത്യന്‍ ആരാധകരുടെ എല്ലാ കണ്ണുകളും ടീമിന്‍റെ ഏറ്റവും മികച്ച പേസര്‍ ജസ്‌പ്രീത് ബുമ്രയിലാണ്. ദീര്‍ഘകാലമായി അലട്ടിയിരുന്ന പരിക്കിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ്. പൂര്‍ണ തോതില്‍ നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ച ബുമ്ര അയര്‍ലന്‍ഡ് പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരും എന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറയുന്നത് ബുമ്രയെ അയര്‍ലന്‍ഡിനെതിരെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ടീം തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ്. 'വലിയ പരിക്കിന് ശേഷമാണ് ബുമ്ര മടങ്ങിവരുന്നത്. ബുമ്ര ടീമിന് നല്‍കുന്ന പരിചയസമ്പത്ത് വലുതാണ്. അയര്‍ലന്‍ഡ് പര്യടനത്തിന് താരമുണ്ടാകുമോ എന്ന് എനിക്കുറപ്പില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ തീരുമാനം എടുത്തിട്ടില്ല' എന്നുമാണ് രോഹിത് ശര്‍മ്മ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനത്തിന് മുമ്പ് വ്യക്തമാക്കിയത്. 

2022 ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനം മുതല്‍ പരിക്ക് ജസ്‌പ്രീത് ബുമ്രയെ അലട്ടുകയായിരുന്നു. ട്വന്‍റി 20 ലോകകപ്പിന് മുമ്പ് തിരികെ വന്ന് ആറ് ഓവറുകള്‍ എറിഞ്ഞെങ്കിലും താരത്തിന്‍റെ പരിക്ക് പൂര്‍ണമായും മാറിയില്ല. എന്‍സിഎയില്‍ ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ലോകകപ്പിന് മുമ്പ് ആവശ്യമായ മത്സരപരിചയം താരത്തിന് ലഭിക്കും എന്ന് രോഹിത് ശര്‍മ്മ കണക്കുകൂട്ടുന്നു. 'ജസ്‌പ്രീത് ബുമ്രക്ക് ഉടന്‍ കളിക്കാനായാല്‍ അത് ടീമിന് ഗുണകരമാണ്. ഏകദിന ലോകകപ്പിന് മുമ്പ് ആവശ്യമായ മത്സരപരിചയം ബുമ്രക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ. ബുമ്ര എത്ര മത്സരങ്ങള്‍ കളിക്കും എന്ന് ഒരു മാസത്തിനുള്ളില്‍ അറിയാം. ബുമ്രയുടെ ഫിറ്റ്‌നസ് അനുസരിച്ചിരിക്കും ഇക്കാര്യങ്ങള്‍. ബുമ്രയുടെ കാര്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയുമായി നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്' എന്നും ഹിറ്റ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിന് പുറത്താണ് ജസ്‌പ്രീത് ബുമ്ര. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമാണ് പുറംവേദന ബുമ്ര റിപ്പോര്‍ട്ട് ചെയ്‌തത്. 2019ല്‍ സംഭവിച്ച പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത്. ഇതിന് ശേഷം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ഏഷ്യാ കപ്പും നഷ്‌ടമായ താരം ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലൂടെ തിരിച്ചുവന്നെങ്കിലും രണ്ട് ടി20കളിലായി ആറ് ഓവറെ എറിയാനായുള്ളൂ. ഇതിന് ശേഷം ടി20 ലോകകപ്പും ന്യൂസിലന്‍ഡ് പര്യടനവും ബംഗ്ലാദേശ് പര്യടനവും ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിനങ്ങളും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ഐപിഎല്‍ 2023 ഉം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വിന്‍ഡീസ് പര്യടനവും നഷ്‌ടമായി. 

Read more: തര്‍ക്കം സഞ്ജു സാംസണ്‍- ഇഷാന്‍ കിഷന്‍ പേരില്‍ മാത്രമല്ല; പ്ലേയിംഗ് ഇലവനില്‍ മറ്റ് തലവേദനകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം