
ബെംഗളൂരു: വിവാദങ്ങളിൽ അല്ല, ക്രിക്കറ്റിലാണ് ശ്രദ്ധയെന്ന് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. വനിതാ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങളൊന്നും ഡ്രസ്സിംഗ് റൂമില്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ഹർമൻപ്രീത് പറഞ്ഞു. ലോകകപ്പ് ക്യാപ്റ്റന്മാരുടെ സംഗമത്തിലാണ് ഹര്‍മന്‍പ്രീതിന്‍റെ പ്രതികരണം. ഒക്ടോബര്‍ അഞ്ചിന് കൊളംബോയിലാണ് വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം.
സ്വന്തം നാട്ടിൽ ലോകകപ്പ് കളിക്കുന്നത് സവിശേഷമായ അനുഭവമാണ്. ടൂർണമെന്‍റ് വേദികളായി തെരഞ്ഞെടുത്ത സ്റ്റേഡിയങ്ങളിൽ മുൻപ് കളിച്ചിട്ടില്ലാത്തത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷയെന്നും ഏഷ്യാനറ്റ് ന്യൂസിന്‍റെ ചോദ്യത്തിന് മറുപടിയായി ഹർമൻപ്രീത് പറഞ്ഞു. ക്രിക്കറ്റ് കരിയര്‍ തുടങ്ങിയ കാലത്ത് രാജ്യത്തിനായി കളിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നതല്ല. അതുകൊണ്ട് തന്നെ ലോകകപ്പ് കളിക്കാനാകുന്നത് അവിശ്വസനീയമാണ്. സ്വപ്നസാക്ഷാത്ക്കാരമാണിതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.
കിരീടം നിലനിർത്തുക എളുപ്പമാകില്ലെന്ന് ഏഴ് തവണ കിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയൻ ടീമിന്‍റെ ക്യാപ്റ്റനായ അലീസ ഹീലി പറഞ്ഞു. സ്വന്തം നാട്ടില്‍ ഇന്ത്യയെ തോല്‍പിക്കുക ഒട്ടും എളുപ്പമാകില്ല. ട്വന്‍റി 20 ലോകകപ്പിലെ കിരീടനേട്ടം ഏകദിന ലോകകപ്പിൽ പ്രസക്തമല്ലെന്ന് ന്യുസീലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈനും പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ഉദ്ഘാടന മത്സരത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സ്വന്തം നാട്ടില്‍ കളിക്കുന്ന ഇന്ത്യയെ തോല്‍പിക്കുക എളുപ്പമാകില്ലെന്നും ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമിര അത്തപത്തു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക