
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരം ടൈ അയി സൂപ്പര്‍ ഓവറിലെത്താന്‍ കാരണമായത് ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ ദാസുന്‍ ഷനകയുടെ ഭീമാബദ്ധം. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനാല്‍ ആദ്യ മൂന്നോവറില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാരില്‍ നിന്ന് പ്രഹരമേറ്റുവാങ്ങിയ ഹര്‍ഷിത് റാണ ആയിരുന്നു ഇന്ത്യക്കായി അവസാന ഓവര്‍ എറിയാനെത്തിയത്.
സെഞ്ചുറിയുമായി പാതും നിസങ്കയും 14 റണ്‍സോടെ ദാസുന്‍ ഷനകയുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഹര്‍ഷിത് എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സെഞ്ചുറി വീരന്‍ പാതും നിസങ്ക മടങ്ങി. ഫൈന്‍ ലെഗ്ഗില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ തകര്‍പ്പന്‍ ക്യാച്ചാണ് നിസങ്കയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. പിന്നീട് ക്രീസിലെത്തിയത് ജനിത് ലിയാനഗെ. രണ്ടാം പന്തില്‍ ലിയാനെഗെ ഉയര്‍ത്തിയടിച്ച പന്തില്‍ ക്യാച്ചിനുള്ള അർധാവസരം സൂര്യകുമാര്‍ നഷ്ടമാക്കിയതോടെ രണ്ട് റണ്‍സ് ഓടിയെടുത്തു. സ്ലോ ബോളായ മൂന്നാം പന്തിൽ വിക്കറ്റിന് പിന്നില്‍ പന്ത് പിടിക്കുന്നതില്‍ സഞ്ജുവിന് പിഴച്ചപ്പോള്‍ ലിയാനഗെ ബൈ റണ്ണായി സിംഗിളെടുത്തു. നാാലം പന്തില്‍ ഡീപ് മിഡ്‌വിക്കറ്റില്‍ ശിവം ദുബെയുടെ മിസ് ഫീല്‍ഡിംഗില്‍ വീണ്ടും ശ്രീലങ്കക്ക് 2 റണ്‍സ് കൂടി. അതോടെ വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ 7 റണ്‍സായി. ഹര്‍ഷിതിന്‍റെ അടുത്ത പന്ത് തേര്‍ഡ്മാന്‍ ബൗണ്ടറി കടന്നതോടെ അവസാന പന്തിലെ ലക്ഷ്യം മൂന്ന് റണ്‍സായി.
ഹര്‍ഷിത് എറിഞ്ഞ അവസാന പന്ത് ലോംഗ് ഓണിലേക്ക് അടിച്ച് ഷനക റണ്‍സിനായി ഓടി. ആദ്യ റണ്‍ അതിവേഗം പൂര്‍ത്തിയാക്കിയ ഷനക കളി ടൈ ആക്കാനായി രണ്ടാം റണ്ണിനായി സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് കുതിച്ചോടി. പന്ത് പിടിക്കാന്‍ ശ്രമിച്ച അര്‍ഷ്ദീപ് സിംഗിന് പിഴച്ചത് ശ്രീലങ്കക്ക് തുണയായി. അര്‍ഷ്ദീപ് വിക്കറ്റ് കീപ്പര്‍ എന്‍ഡിലേക്ക് ത്രോ ചെയ്യുമെന്ന് കരുതി റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ഷനക ക്രീസിലേക്ക് ഡൈവ് ചെയ്തു. എന്നാല്‍ കൈയില്‍ നിന്ന് നഷ്ടമായ പന്തെടുത്ത് അര്‍ഷ്ദീപ് എറിഞ്ഞുകൊടുത്തത് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ ഹര്‍ഷിത് റാണക്കായിരുന്നു.
ഹര്‍ഷിതിനാകട്ടെ ആ ത്രോ കൈയിലൊതുക്കാനായില്ല. ഹര്‍ഷിതിന്‍രെ കൈകളില്‍ നിന്ന് പന്ത് നഷ്ടമായത് കണ്ട് വിജയറണ്ണിനായി ഓടാന്‍ ലിയാനെഗെ ഷനകയെ വിളിച്ചെങ്കിലും വീണിടത്തുനിന്ന് എഴുന്നേറ്റ് ഓടാനുള്ള സമയം ഷകക്കക്ക് കിട്ടിയില്ല. ഇതുകണ്ട് ശ്രീലങ്കന്‍ പരിശീലകന്‍ സനത് ജയസൂര്യയും സഹതാരങ്ങളും ഡഗ് ഔട്ടിലിരുന്ന ഷനകയോട് ദേഷ്യപ്പെടുന്നതും കാണാമായിരുന്നു. ഷനകയുടെ അനാവശ്യ ഡൈവായിരുന്നു നിശ്ചിത ഓവറില്‍ ജയിക്കാനുള്ള അവസം ലങ്കക്ക് നഷ്ടമാക്കിയത്. മൂന്നാം റണ്ണിനായി ഓടി റണ്ണൗട്ടായാലും മത്സരം ടൈയില്‍ തന്നെ അവസാനിക്കു എന്നതിനാല്‍ ഷനക അതിനുവേണ്ടി ശ്രമിക്കാതിരുന്നതാണ് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.