
മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ 29 റൺസിന്റെ വിജയം നേടിയെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ജയിച്ചെങ്കിലും ബാറ്റിംഗ് നിര കുറച്ചുകൂടി ബുദ്ധിപൂര്‍വം കളിക്കണമായിരുന്നുവെന്ന് മത്സരശഷം ഇന്ത്യൻ നായകന്‍ പറഞ്ഞു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷമായിരുന്നു സൂര്യയുടെ പ്രതികരണം.
എല്ലാ വീഴ്ചകളും ഒളിപ്പിക്കാനാവില്ല. ഞങ്ങൾ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. വിജയിച്ചാലും തോറ്റാലും ഓരോ മത്സരത്തിൽ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഏതെങ്കിലും ഒരു ദിവസം ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മധ്യ ഓവറുകളില്‍ കുറച്ചുകൂടി ബുദ്ധിപൂർവ്വം ബാറ്റ് ചെയ്യാൻ ബാറ്റിംഗ് നിര ശ്രമിക്കണമായിരുന്നു. വാംഖഡെയിലെ പിച്ചിനെക്കുറിച്ചും സൂര്യ വിശദീകരിച്ചു. സാധാരണ ഹൈ-സ്കോറിംഗ് പിച്ചാണെങ്കിലും ഇന്ന് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. മത്സരദിവസം കാര്യമായി വെയിൽ ഇല്ലാതിരുന്നത് പിച്ചിൽ ഈർപ്പം നിലനിൽക്കാൻ കാരണമായി. ഇത് തടക്കത്തിലെ ബാറ്റിംഗ് ദുഷ്കരമാക്കി. 180-190 റൺസ് ലഭിക്കുന്ന പിച്ചായിരുന്നില്ല വാങ്കഡേയിലേത്, പരമാവധി 140 റൺസ് മാത്രം പ്രതീക്ഷിക്കാവുന്ന പിച്ചായിരുന്നുവെ വാങ്കഡെയില്‍ ഇന്നലത്തേതെന്നും സൂര്യ നിരീക്ഷിച്ചു.
ഇന്ത്യ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നപ്പോൾ കോച്ച് ഗൗതം ഗംഭീർ നൽകിയ നിർദ്ദേശം വലിയ മാറ്റമുണ്ടാക്കി.14 ഓവറുകൾക്ക് ശേഷമുള്ള ഇടവേളയിൽ ഗൗതം ഭായ് പറഞ്ഞത് റൺറേറ്റ് എപ്പോൾ വേണമെങ്കിലും നിനക്ക് തിരിച്ചുപിടിക്കാം, അവസാനം വരെ ക്രീസിൽ നിൽക്കൂവെന്നാണ്. മുംബൈയിലെ ലോക്കല്‍ ക്രിക്കറ്റില്‍ കളിച്ചു വളർന്നതുകൊണ്ട് ഇത്തരം പിച്ചുകളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ടായിരുന്നു.
49 പന്തിൽ പുറത്താവാതെ 84 റൺസ് നേടിയ സൂര്യകുമാർ, തനിക്ക് വലിയ സമ്മർദ്ദമുണ്ടായിരുന്നുവെന്നും എന്നാൽ അവസാനം വരെ നിന്നാൽ കളി ജയിപ്പിക്കാമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷമായി ടീമിന് വേണ്ടി ഇത്തരമൊരു 'ആങ്കർ റോൾ' ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ലെന്ന് സൂര്യ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം കിറ്റ് ബാഗ് പായ്ക്ക് ചെയ്ത് രണ്ടാഴ്ച കുടുംബത്തോടൊപ്പം ചെലവഴിച്ചത് മാനസികമായി വലിയ ഉന്മേഷം നൽകിയെന്നും നാഗ്‌പൂരിലെ പരിശീലനത്തിന് ശേഷം താൻ പൂർണ്ണ സജ്ജനായെന്നും സൂര്യകുമാര്‍ കൂട്ടിചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!