ഫുട്ബോളര്‍മാരില്‍ നിന്ന് ക്രിക്കറ്റ് താരങ്ങള്‍ക്ക് പഠിക്കാനേറെ: വിരാട് കോലി

By Web TeamFirst Published Sep 25, 2019, 12:20 PM IST
Highlights

ഫിറ്റ്‌നസ് ഇനിയും മെച്ചപ്പെടുത്താന്‍ ഒരു പൊടിക്കൈ സഹതാരങ്ങള്‍ക്ക് നല്‍കുകയാണ് കോലി

പനാജി: കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസില്‍ കാര്യമായ മികവുണ്ടായിട്ടുണ്ട്. ടീമിലെ ഫിറ്റ്‌നസ് ബോയിയായ നായകന്‍ വിരാട് കോലി തന്നെ ഒരു ഉദാഹരണം. എന്നാല്‍ ഫിറ്റ്‌നസ് ഇനിയും മെച്ചപ്പെടുത്താന്‍ ഒരു പൊടിക്കൈ സഹതാരങ്ങള്‍ക്ക് നല്‍കുകയാണ് കോലി. 

ഫുട്ബോള്‍ താരങ്ങളുടെ അച്ചടക്കം എപ്പോളും ഞങ്ങള്‍ നിരീക്ഷിക്കാറുണ്ട്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് അനിവാര്യമാണ്. പ്രൊഫഷണലിസത്തിന്‍റെ കാര്യത്തില്‍ ഫുട്ബോള്‍ താരങ്ങള്‍ അതീവ ശ്രദ്ധാലുവാണ്. ശാരീരികമായ തയ്യാറെടുപ്പ്, ഭക്ഷണനിയന്ത്രണം, വിശ്രമം എന്നീ കാര്യങ്ങളില്‍ ഒട്ടെറെ കാര്യങ്ങള്‍ ഫുട്ബോള്‍ താരങ്ങളില്‍ നിന്ന് പഠിക്കാനുണ്ടെന്നും കോലി ഗോവയില്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസിന് പുതിയ നിര്‍വചനം നല്‍കിയയാളാണ് കോലി. ഫുട്ബോള്‍ താരങ്ങളുടെ ഫിറ്റ്‌നസുമായി എങ്ങനെയാണ് താങ്കളുടെ ആരോഗ്യത്തെ താരതമ്യം ചെയ്യുന്നത് എന്ന ചോദ്യത്തിന് കോലിയുടെ പ്രതികരണമിങ്ങനെ. വലിയ ഫിറ്റ്‌നസ് ആവശ്യമുള്ള ഗെയിമല്ല ക്രിക്കറ്റ്. അതിനാല്‍ ഫുട്ബോള്‍ താരങ്ങളുടെ ഫിറ്റ്‌നസുമായി താരതമ്യം നടത്താനാവില്ല. എന്നാല്‍ താരങ്ങളുടെ ഫിറ്റ്‌നസ് വര്‍ദ്ധിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റും വേറെ ലെവലാകുമെന്ന് കോലി വ്യക്തമാക്കി. 

ഐഎസ്എല്‍ ക്ലബ് എഫ്‌സി ഗോവയുടെ പുതിയ ജഴ്‌സി പുറത്തിറക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു വിരാട് കോലി. എഫ്‌സി ഗോവയുടെ സഹഉടമ കൂടിയാണ് കോലി. 

click me!