സിപിഎല്‍ ടീമിനൊപ്പം ഡ്രസ്സിംഗ് റൂമില്‍ കയറിയ സംഭവം; ദിനേശ് കാര്‍ത്തിക് മാപ്പു പറഞ്ഞു

By Web TeamFirst Published Sep 8, 2019, 12:24 PM IST
Highlights

സിപിഎല്‍ മത്സരം കാണാനായി ട്രിബാങ്കോയുടെ ജേഴ്സിയും ധരിച്ച് കാര്‍ത്തിക്ക് ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

ട്രിനിഡാഡ്: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍(സിപിഎല്‍), ട്രിബാങ്കോ നൈറ്റ് റൈഡേഴ്‌സിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിന്റെ ബിസിസിഐയോട് നിരുപാധികം മാപ്പു പറഞ്ഞ് ദിനേശ് കാര്‍ത്തിക്. സംഭവത്തില്‍ കാര്‍ത്തിക്കിന് ബിസിസിഐ ഇന്നലെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനാണ് കാര്‍ത്തിക്. കൊല്‍ക്കത്തയുടെ സഹ ഉടമയായ ഷാരൂഖ് ഖാന്റെ സിപിഎല്‍ ടീമാണ് ട്രിബാങ്കോ നൈറ്റ് റൈഡേഴ്സ്.

സിപിഎല്‍ മത്സരം കാണാനായി ട്രിബാങ്കോയുടെ ജേഴ്സിയും ധരിച്ച് കാര്‍ത്തിക്ക് ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊല്‍ക്കത്തയുടെ പരിശീലകന്‍ കൂടിയായ ബ്രണ്ടന്‍ മക്കല്ലവും കാര്‍ത്തിക്കിനൊപ്പം ഉണ്ടായിരുന്നു. മക്കല്ലം ആവശ്യപ്പെട്ടതനുസരിച്ചാണ് സിപിഎല്ലില്‍ ട്രിബാങ്കോയുടെ മത്സരം കാണാനായി പോയതെന്നും അവരുടെ ജേഴ്സി ധരിച്ച് ഡ്രസ്സിംഗ് റൂമില്‍ ഇരുന്നതെന്നും കാര്‍ത്തിക്ക് വിശദീകരണത്തില്‍ വ്യക്തമാക്കി. അവരുടെ പ്രചാരണ പരിപാടികളിലൊന്നിലും പങ്കെടുത്തിട്ടില്ലെന്നും ടീമില്‍ മറ്റേതെങ്കിലും റോള്‍ ഇല്ലെന്നും കാര്‍ത്തിക് വിശദീകരിച്ചു.

കഴിഞ്ഞ ദിവസം കിറ്റ് സ് & നെവിസുമായുള്ള മത്സരത്തിനിടെയാണ് ട്രിബാങ്കോയുടെ ഡ്രസിംഗ് റൂമില്‍ വെച്ച് കാര്‍ത്തിക്കിനെ ക്യാമറ പിടികൂടിയത്. അനുമതി കൂടാതെ വിദേശ ലീഗ് മത്സരങ്ങളുടെ ഭാഗമായതിനാല്‍ താരത്തിന്റെ വാര്‍ഷിക കരാര്‍ റദ്ദാക്കാന്‍ ബിസിസിഐക്ക് പൂര്‍ണ അധികാരമുണ്ട്.

click me!