
ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് വാലറ്റം പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 518 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സ് വീതമെടുത്ത് വാലറ്റക്കാരായ കാരി പിയറിയും ആന്‍ഡേഴ്സണ്‍ ഫിലിപ്പും ക്രീസില്‍. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വിന്‍ഡീസിന് ഇനിയും 102 റണ്‍സ് കൂടി നേണം.
175-8 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ വിന്‍ഡീസിനെ പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത പിയറി-ആന്‍ഡേഴ്സൺ കൂട്ടുകെട്ടാണ് 200 കടത്തിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.
140-4 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. പിടിച്ചു നിന്ന് പ്രതീക്ഷ നല്‍കിയ ഷായ് ഹോപ്പിനെ(36) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവാണ് മൂന്നാം ദിനം വിന്‍ഡീസിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ചിനെ(21) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ജസ്റ്റിൻ ഗ്രീവ്സിനെ(17) കൂടി മടക്കിയ കുല്‍ദീപ് വിന്‍ഡീസിന്‍റെ നടുവൊടിച്ചപ്പോള്‍ ജോമെല്‍ വാറിക്കനെ(1) പുറത്താക്കിയ മുഹമ്മദ് സിറാജ് വിന്‍ഡീസിനെ 175-8ലേക്ക് തള്ളിയിട്ട് ഫോളോ ഓണ്‍ ഭീഷണിയിലാക്കി.
പിന്നീടായിരുന്നു പിയറിയും ആന്‍ഡേഴ്സണും തമ്മിലുള്ള കൂട്ടുകെട്ട് വിന്‍ഡീസിന്‍റെ രക്ഷക്കെത്തിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 72 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജഡേജ 46 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. 10 ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്രക്കും 13 ഓവര്‍ എറിഞ്ഞ വാഷിംഗ്ടണ്‍ സുന്ദറിനും വിക്കറ്റൊന്നും നേടാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക