
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടും. വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് കളി തുടങ്ങുക. ഇന്ത്യ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റപ്പോൾ, ഓസ്ട്രേലിയ 107 റൺസിന് പാകിസ്ഥാനെ തകർത്തു. മുൻനിരാ ബാറ്റർമാരായ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ് എന്നിവരുടെ മോശം ഫോമാണ് ഇന്ത്യയുടെ ആശങ്ക. ബൗളർമാരും പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്തുന്നില്ല. ലോകപ്പിന് മുമ്പ് നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടി മിന്നും ഫോമിലായിരുന്ന സ്മൃതി മന്ദാന ലോകകപ്പില്‍ ഇതുവരെ മൂന്ന് കളിയിൽ 54 റൺസ് മാത്രമാണ് നേടിയത്.
ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന ആദ്യ വനിത താരമെന്ന ചരിത്രനേട്ടം കുറിച്ച ലോകകപ്പില്‍ സ്മൃതിയുടെ സ്കോറുകള്‍ എട്ട്, 23, 23 എന്നിങ്ങനെയാണ്. ഒരു അര്‍ദ്ധ സെഞ്ച്വറി പോലും ആ ബാറ്റില്‍ നിന്ന് ലോകകപ്പ് വേദികള്‍ ഇക്കുറി കണ്ടില്ല.സ്മൃതിയുള്‍പ്പെടുന്ന ടോപ് ഫൈവില്‍ നിന്ന് ഇതുവരെ ഒരു അര്‍ദ്ധ സെഞ്ച്വറി മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോഴും ഉണ്ടായിട്ടില്ല. പാക്കിസ്ഥാനെതിരെ മാത്രമാണ് ഇന്ത്യയുടെ ടോപ് ഫൈവിലൊരു ബാറ്റര്‍ക്കെങ്കിലും 25-ാം ഓവര്‍ താണ്ടാൻ കഴിഞ്ഞത്. മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ബാറ്റിങ് നിരയെ കരകയറ്റിയത് പിൻനിരയായിരുന്നു. ദീപ്തി ശര്‍മ, അമൻജോത് കൗര്‍, റിച്ച ഘോഷ്, സ്നേഹ് റാണ എന്നിവര്‍.
മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ഇന്ത്യ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്ന് കളികളില്‍ രണ്ട് ജയവും ഫലമില്ലാതെ പോയ മത്സരത്തിലെ ഒരു പോയന്‍റുമടക്കം അഞ്ച് പോയന്‍റ് നേടിയ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. മൂന്ന് കളികളില്‍ മൂന്നും ജയിച്ച ഇംഗ്ലണ്ട് ഒന്നാമതും കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച ദക്ഷിണാഫ്രിക്ക നാലാമതുമാണ്. ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും നാലു പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലാണ് ഇന്ത്യയിപ്പോല്‍ മൂന്നാമത് നില്‍ക്കുന്നത്.
ഇന്ന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി സെമി സ്ഥാനത്തിന് ഒരുപടി കൂടി അടുക്കാം. ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഓസ്ട്രേലിയക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പര ഓസീസ് 2-1ന് നേടിയെങ്കിലും പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി ഇന്ത്യ 369 റണ്‍സടിച്ച് നടത്തിയ വീരോചിത പോരാട്ടം ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോകുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!