
ഡബ്ലിന്‍: ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡിനൊപ്പമെത്തി വെസ്റ്റ് ഇന്‍ഡീസ് താരം മാത്യു ഫോര്‍ഡ്.അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് എട്ടാമനായി ക്രീസിലെത്തിയ മാത്യു ഫോര്‍ഡ് 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറിയെന്ന എ ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. 2015ലാണ് ഡിവില്ലിയേഴ്സ് 16 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ ലോക റെക്കോര്‍ഡിട്ടത്.
19 പന്തില്‍ 58 റണ്‍സെടുത്ത മാത്യു ഫോര്‍ഡ് എട്ട് സിക്സുകളും രണ്ട് ബൗണ്ടറികളും നേടി. മാത്യൂ ഫോര്‍ഡ് നേടിയ 58 റണ്‍സില്‍ 56 റണ്‍സും ബൗണ്ടറികളില്‍ നിന്നായിരുന്നു. 43-ാം ഓവറിലാണ് ഫോര്‍ഡ് ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ ബാരി മക്കാര്‍ത്തിക്കെതിരെ സിക്സ് അടിച്ചാണ് ഫോര്‍ഡ് തുടങ്ങിയത്. അതിനുശേഷം ജോഷെ ലിറ്റിലിന്‍റെ അടുത്ത ഓവറില്‍ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തി. 46-ാം ഓവരില്‍ തോമസ് മയേസിനെതിരെ ഒരു സിക്സും രണ്ട് ബൗണ്ടറിയും നേടിയ ഫോര്‍ഡ് 13 പന്തില്‍ 43 റണ്‍സിലെത്തി. ഏകദിനത്തിലെ അതിവേഗ ഫിഫ്റ്റിയുടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും 47-ാം ഓവറിലെ അദ്യ പന്തില്‍ റണ്ണെടുക്കാന്‍ ഫോര്‍ഡിനായില്ല.
എന്നാല്‍ അടുത്ത രണ്ട് പന്തുകളും സിക്സിന് പറത്തി ഫോര്‍ഡ് ഡിവില്ലിയേഴ്സിന്‍റെ ലോക റെക്കോര്‍ഡിനൊപ്പം അതിവേഗ ഫിഫ്റ്റി പൂര്‍ത്തിയാക്കി. ഫോര്‍ഡിന്‍റ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തെങ്കിലും മഴമൂലം അയര്‍ലന്‍ഡ് ഇന്നിംഗ്സ് തുടങ്ങാനാവാഞ്ഞതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. നേരത്തെ വിന്‍ഡീസിനിയാ കീസി കാര്‍ട്ടി108 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പ് 49ഉം ജസ്റ്റിന്‍ ഗ്രീവ്സ് 44 ഉം റണ്‍സെടുത്തിരുന്നു. ആദ്യ മത്സരത്തില്‍ 124 റണ്‍സിന് തോറ്റ വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സര പരമ്പരയിൽ 0-1ന് പിന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക