ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന ലോകകപ്പ് സെമി മഴ മുടക്കിയാല്‍? കാലാവസ്ഥ പ്രവചനം ഇന്ത്യക്ക് തിരിച്ചടി

Published : Oct 30, 2025, 11:30 AM IST
India vs Australia Women ODI World Cup Weather

Synopsis

വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടുകയാണ്. എന്നാൽ നവി മുംബൈയിലെ മഴ ഭീഷണി ഇന്ത്യക്ക് തിരിച്ചടിയായേക്കാം. 

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇടം നേടി ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുകയാണ് ഇന്ത്യ. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. സ്വന്തം മണ്ണിലെ വിശ്വകിരീട പോരില്‍ ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യയുടെ മുന്നേറ്റം. ഏഴ് മത്സരങ്ങള്‍. മൂന്ന് വീതം ജയവും തോല്‍വിയും. ഗ്രൂപ്പില്‍ തോല്‍പിച്ചവരില്‍ ഓസ്‌ട്രേലിയയുമുണ്ട്. 330 റണ്‍സ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.

എന്നാല്‍ ഇന്ത്യക്ക് തോല്‍പ്പിക്കേണ്ടത് ഓസ്‌ട്രേലിയയെ മാത്രമല്ല, മഴയെ കൂടിയാണ്. ഈ ആഴ്ച്ച മുഴുവന്‍ നവി മുംബൈയില്‍ മഴയായിരുന്നു. ഇന്നും മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. രാവിലെ മുതല്‍ നേരിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മാത്രമല്ല, മേഘാവൃതവും ആയിരിക്കും. ഉച്ചകഴിഞ്ഞ് ആകാശം തെളിയുമെന്ന് വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇടയ്ക്കിടെയുള്ള ചാറ്റല്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇത് മത്സരത്തേയും ബാധിക്കും. മേഘാവൃതമായ ആകാശം ബൗളര്‍മാരെ സഹായിച്ചേക്കാം. അതുകൊണ്ടതുന്നെ ടോസ് നിര്‍ണായകമായിരിക്കും.

മത്സരം മഴ തടസപ്പെടുത്തിയാല്‍ എന്ത് സംഭവിക്കും?

മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ഇന്ന് മത്സരം മഴ മുടക്കിയാലും നാളെ പുനരാരംഭിക്കും. എല്ലാ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഐസിസി റിസര്‍വ് ദിനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ദിനത്തില്‍ പോലും കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിക്കും. പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമിനെയാണ് ഫൈനലിലേക്ക് കടത്തി വിടുക. ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യ നാലാമതും.

തുടക്കത്തിലെ പാളിച്ചകള്‍ക്ക് ശേഷം സൂപ്പര്‍ താരം സ്മൃതി മന്ദാന ഫോമിലെക്കെത്തിയതാണ് ഇന്ത്യയുടെ ആശ്വാസം. ഏഴ് മത്സരങ്ങളില്‍ നിന്ന് 365 റണ്‍സ്. സ്മൃതി തകത്തടിച്ചാല്‍ ഇന്ത്യ ഹാപ്പി. പരിക്കേറ്റ പ്രതീക റാവലിന് പകരം ഷെഫാലി വര്‍മയാകും ഓപ്പണറായി എത്തുന്നത്. ഷെഫാലി സര്‍പ്രൈസ് ഹിറ്റാകുമെന്ന് പ്രതീക്ഷ. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് മധ്യനിരയുടെ കരുത്തായെത്തുമ്പോള്‍ ജെമീമയ്ക്കും ഹര്‍ലീന്‍ ഡിയോളിനും കൂറ്റനടിയുടെ ചുമതല. ആദ്യം ബാറ്റുചെയ്ത് കൂറ്റന്‍ സ്‌കോറിലേക്കെത്തുക തന്നെയാകും ടീമിന്റെ ലക്ഷ്യം. ബോളിങ്ങില്‍ ദീപ്തി ശര്‍മ, ശ്രീ ചരണി, ക്രാന്തി ഗൗദ് ത്രയമാണ് ഇന്ത്യന്‍ പ്രതീക്ഷ. ഏഴ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് ദീപ്തി നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്