
ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റൺസെന്ന നിലയിലാണ് ക്രീസ് വിട്ടത്. ഒമ്പത് വിക്കറ്റും രണ്ട് ദിവസവും ബാക്കിയിരിക്കെ ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത് 324 റണ്‍സാണ്. 34 റണ്‍സുമായി ബെന്‍ ഡക്കറ്റ് ക്രീസിലുണ്ട്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ 378 റൺസ് ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ 149 റണ്‍സടിച്ച് ടോപ് സ്കോററായത് ഡക്കറ്റായിരുന്നു.
ഓവലില്‍ നാലാം ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് നടത്തിയതും ഇംഗ്ലണ്ട് ആണ്. അതുപക്ഷേ ഒരു നൂറ്റാണ്ട് മുമ്പായിരുന്നു. 1902ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 263 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഓവലിലെ ഇതുവരെയുള്ള വിജയകരമായ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. 1963ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് 253 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും 1972ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 242 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും ഓവലില്‍ ആണ്.
എന്നാല്‍ ഇന്ത്യയെ ശരിക്കും ആശങ്കയിലാഴ്ത്തുന്നത് ഓവലിലെ ഈ ചരിത്രമല്ല, മറിച്ച് സമീപകാലത്തെ ഒരു റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ 219 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക അനായാസം മറികടന്നതാണ് ഇന്ത്യയെ ശരിക്കും ആശങ്കപ്പെടുത്തുന്നത്. പാതും നിസങ്കയുടെ(124 പന്തില്‍ 127) സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക അനായാസം ലക്ഷ്യത്തിലെത്തിയത്. നാലാം ഇന്നിംഗ്സില്‍ ഓവലില്‍ ബാറ്റിംഗ് ദുഷ്കരമല്ലെന്നാണ് ലങ്കയുടെ വിജയം കാണിക്കുന്നത്.
ആദ്യ ദിനങ്ങളില പേസ് ബൗളിംഗിനെ തുണച്ച ഓവല്‍ പിച്ചില്‍ ഇത്തവണയും കളി പുരോഗമിക്കുന്തോറും ബാറ്റിംഗ് അനായാസമാകുന്നതാണ് കാണാനാകുന്നത്. ഇതും ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ന് ആദ്യ സെഷനില്‍ വിക്കറ്റ് പോവാതെ പിടിച്ചു നില്‍ക്കാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക. എങ്കിലും പന്ത് അസാധാരണമായി താഴുകയും ചിലപ്പോഴൊക്കെ കുത്തി ഉയരുകയും ചെയ്യുന്ന പതിവ് ഇത്തവണയും ഓവലിലുണ്ടെന്നത് ഇന്ത്യക്ക് ആശ്വാസമാണ്. നാലാം ദിനം തുടക്കത്തിലെ ബെന്‍ ഡക്കറ്റിന്‍റെ വീഴ്ത്താനായാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനാവും.
സ്പിന്നര്‍മാരെ റിവേഴ്സ് സ്വീപ്പുമായി നേരിടുന്ന ഡക്കറ്റിനെതിരെ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും എങ്ങനെ പന്തെറിയുന്നു എന്നതും നിര്‍ണാകമാകും. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പിച്ച് പേസര്‍മാരെ തുണച്ചതിനാല്‍ ജഡേജ രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. സുന്ദര്‍ ആകട്ടെ ഒരോവര്‍ പോലും പന്തെറിഞ്ഞതുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!