സച്ചിന്റെ മറുപടി എന്നെ നാണംകെടുത്തി; പിന്നീടൊരിക്കലും സച്ചിനെ സ്ലെഡ്ജ് ചെയ്തിട്ടില്ലെന്ന് സഖ്‌ലിയന്‍

By Web TeamFirst Published Apr 24, 2020, 7:38 PM IST
Highlights

കാനഡയില്‍ നടന്ന 1997ലെ സഹാറ കപ്പിലായിരുന്നു ആ സംഭവം. അന്ന് സച്ചിനായിരുന്നു ഇന്ത്യന്‍ നായകന്‍. സച്ചിനെ മോശം വാക്കുകള്‍ കൊണ്ട് തളര്‍ത്താമെന്നുറപ്പിച്ചാണ് സഖ്‌ലിയന്‍ ഗ്രൗണ്ടിലിറങ്ങിയത്.

കറാച്ചി: കളിക്കളത്തിനകത്തും പുറത്തും മാന്യതയുടെ പ്രതിരൂപമാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.എതിരാളികളോടുപോലും ബഹുമാനത്തോടെ മാത്രം പെരുമാറുന്ന സച്ചിനെ ഒരിക്കല്‍ ചീത്തവിളിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മുന്‍ പാക് ഓഫ് സ്പിന്നര്‍ സഖ്‌ലിയന്‍ മുഷ്താഖ്. സച്ചിന്റെ 47ാം പിറന്നാള്‍ ദിനത്തിലാണ് സച്ചിനൊപ്പമുള്ള ഓര്‍മകള്‍ സഖ്‌ലിയന്‍ പങ്കുവെച്ചത്.

കാനഡയില്‍ നടന്ന 1997ലെ സഹാറ കപ്പിലായിരുന്നു ആ സംഭവം. അന്ന് സച്ചിനായിരുന്നു ഇന്ത്യന്‍ നായകന്‍. സച്ചിനെ മോശം വാക്കുകള്‍ കൊണ്ട് തളര്‍ത്താമെന്നുറപ്പിച്ചാണ് സഖ്‌ലിയന്‍ ഗ്രൗണ്ടിലിറങ്ങിയത്. അന്ന് ടീമില്‍ പുതുമുഖമായിരുന്നു ഞാന്‍. ആദ്യമായാണ് ഞാന്‍ സച്ചിനെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എന്റെ മോശം വാക്കുകള്‍ കേട്ട് ശാന്തനായി സച്ചിന്‍ എന്റെ അടുക്കലെത്തി ചോദിച്ചു.

Alos Read: തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെക്കുറിച്ച് സച്ചിന്‍

ഞാനൊരിക്കലും നിങ്ങളോട് മോശമായി പെരുമാറിയിട്ടില്ലല്ലോ, പിന്നെന്തിനാണ് നിങ്ങള്‍ എനിക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുന്നത് എന്ന്. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നിങ്ങള്‍ക്ക് എന്റെ മനസില്‍ വലിയ സ്ഥാനമുണ്ടെന്നും അന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ വാക്കുകള്‍ കേട്ട് ഞാന്‍ നാണംകെട്ടു. അദ്ദേഹത്തോട് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു-സഖ്‌ലിയന്‍ പിടിഐയോട് പറഞ്ഞു.

അതിനുശേഷം ഒരിക്കലും ഞാന്‍ സച്ചിനെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചിട്ടില്ല. ഗ്രൗണ്ടില്‍വെച്ച് ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും മത്സരശേഷം ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ട് മാപ്പ് പറഞ്ഞു. അതിനുശേഷം എത്രയോ തവണ അദ്ദേഹം എന്നെ അടിച്ചുപറത്തിയിരിക്കുന്നു. അപ്പോഴൊന്നും അദ്ദേഹത്തെ ചീത്തവിളിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ജീവതത്തില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വീനിതനായ മനുഷ്യരിലൊരാളാണ് സച്ചിന്‍-സഖ്‌ലിയന്‍ പറഞ്ഞു.

Alos Read: ടി20 ലോകകപ്പ്: മൂന്ന് സാധ്യതകള്‍ മുന്നോട്ടുവെച്ച് ഐസിസി

അതിനുശേഷം 1999ല്‍ നടന്ന ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് സച്ചിന്‍ നയിക്കുമെന്ന് കരുതിയിരിക്കെ സഖ്‌ലിയന്‍ സച്ചിനെ പുറത്താക്കി പാക്കിസ്ഥാന് ജയം സമ്മാനിച്ചിരുന്നു. ആ ടെസ്റ്റിനിടെ തങ്ങള്‍ ഒരിക്കലും പരസ്പരം മോശം വാക്കുകള്‍ പ്രയോഗിച്ചിട്ടില്ലെന്ന് സഖ്‌ലിയന്‍ പറഞ്ഞു. ഞങ്ങളുടെ കളിയില്‍ മാത്രമായിരുന്നു ഞങ്ങളിരുവരുടെയും ശ്രദ്ധ. ആ മത്സരത്തില്‍ സച്ചിന്റെ വിക്കറ്റ് വീഴ്ത്താനായത് എന്റെ ഭാഗ്യമാണ്. കാരണം സച്ചിന്റെ പേരിനൊപ്പം എന്റെ പേരും പറയുമല്ലോ ആളുകള്‍.

അന്ന് സച്ചിന്‍ പുറത്തെടുത്തത് അവിശ്വസനീയ ഇന്നിംഗ്സായിരുന്നു. റിവേഴ്സ് സ്വിംഗ് ലഭിക്കുന്ന പന്തില്‍ വസീം അക്രത്തെപ്പോലും സച്ചിന്‍ ആത്മവിശ്വാസത്തോടെയാണ് നേരിട്ടത്. സച്ചിനെതിരായ എന്റെ പോരാട്ടം 50-50 ആയി ആണ് ഞാന്‍ കാണുന്നത്. കാരണം ഞാന്‍ സച്ചിനെ പലതവണ പുറത്താക്കിയിട്ടുണ്ടെങ്കിലും സച്ചിന്‍ എന്നെ നിരവധി തവണ അടിച്ചു പറത്തിയിട്ടുമുണ്ട്.

Alos Read: ഇന്ത്യന്‍ കുപ്പായത്തില്‍ ഒരേയൊരു മത്സരം; പിന്നീട് ഇതുവരെ അവസരം ലഭിക്കാത്ത 5 താരങ്ങള്‍

തന്റെ ദൂസ്‌രകള്‍ പല ബാറ്റ്സ്മാന്‍മാരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും സച്ചിനായിരുന്നു അത് ഫലപ്രദമായി നേരിട്ടൊരാള്‍. സച്ചിന്റെ കണ്ണുകളാണ് അതിന് അദ്ദേഹത്തിന് കരുത്തായത്. അത്രയും ഷാര്‍പ്പായിരുന്നു സച്ചിന്റെ കണ്ണുകള്‍. അത് ദൈവത്തിന്റെ ദാനമാണ്-സഖ്‌ലിയന്‍ പറഞ്ഞു.

click me!