ദുബായ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് മൂന്ന് സാധ്യതകള്‍ മുന്നോട്ടുവെച്ച് ഐസിസി. ഇന്ന് ചേര്‍ന്ന ഐസിസി ചീഫ് എക്സിക്യൂട്ടീവ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം ടി20 ലോകകപ്പായിരുന്നു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് നീട്ടിവെക്കേണ്ടിവരുമെന്ന സൂചനയാണ് ഐസിസി യോഗം നല്‍കുന്നത്.

ടി20 ലോകകപ്പ് സംബന്ധിച്ച് പ്രധാനമായും മൂന്ന് സാധ്യതകളാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നത്. ഒന്ന് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ നിശ്ചയിച്ച തീയതികളില്‍ തന്നെ ലോകകപ്പ് നടത്തുക എന്നതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ലോകകപ്പ് നീട്ടിവെക്കേണ്ടിവന്നാല്‍ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്തുക എന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തെതായി ഏറ്റവും അവസാനം പരിഗണിക്കുന്ന സാധ്യത ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കുക എന്നതാണ്.

Also Read: ടി20 ലോകകപ്പ്: ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയുമായി ഓസീസ് ക്യാപ്റ്റന്‍

ഐസിസിയിലെ 12 പൂര്‍ണ അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോകകപ്പ് നടത്തുന്നതിനെ അനുകൂലിച്ചു. ലോകകപ്പ് നീട്ടിവെച്ചാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് വഴിയൊരുങ്ങും. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ‍് മഹാമാരിയെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് റദ്ദാക്കുകയായിരുന്നു.

Also Read: ഇന്ന് ലോക പുസ്തകദിനം; നമ്മുടെ കായികതാരങ്ങള്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകങ്ങള്‍

ലോകകപ്പിന് മുമ്പ് ഐപിഎല്‍ നടത്തുന്നത് കളിക്കാര്‍ക്ക് മത്സര പരിചയം ഉറപ്പുവരുത്തുന്നതിനും ഉചിതമാണെന്ന നിലപാടിലാണ് ബിസിസിഐ. അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മതിയായ പ്രധാന്യം കൊടുക്കണമെന്നും കൊവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ പോയന്റുകള്‍ പങ്കിടാനാവില്ലെന്നും ബിസിസിഐ യോഗത്തില്‍ നിലപാടെടുത്തു. ഐസിസി കലണ്ടര്‍ അനുസരിച്ച് 2021ലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കേണ്ടത്. പുതിയ സാഹചര്യത്തില്‍ ഇത് 2022ലേക്ക് മാറ്റിയേക്കും.