ഇന്ത്യ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് നിലനിര്‍ത്താന്‍. പ്രതിഭകളുടെ ധാരാളിത്തമുള്ള രാജ്യത്ത് ഇന്ത്യന്‍ ക്യാപ് അണിയാന്‍ കാത്തിരിക്കുന്ന അനവധി കളിക്കാരുണ്ട്. എന്നാല്‍ അവസരം ലഭിച്ചിട്ടും തിളങ്ങാതെ പോയവരും നിരവധി. എന്നാല്‍ ഒരേയൊരു തവണ മാത്രം അവസരം ലഭിച്ചശേഷം പിന്നീട് ഒഴിവാക്കപ്പെട്ട നിരവധി പ്രതിഭകളും ഇക്കൂട്ടത്തിലുണ്ട്. അവരില്‍ അഞ്ചുപേരെയാണ് ഇവിടെ പരിയചപ്പെടുത്തുന്നത്.

ഫൈസ് ഫസല്‍: ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയുള്ള ഓപ്പണറാണ് ഫൈസ് ഫസല്‍. ദേവ്‌ധര്‍ ട്രോഫിയില്‍ ഇന്ത്യ എക്കായും ഇറാനി ട്രോഫിയില്‍ റെസ്റ്റ്  ഓഫ് ഇന്ത്യക്കായും രഞ്ജി ട്രോഫിയില്‍ വിദര്‍ഭക്കായും മികച്ച പ്രകടനം പുറത്തെടുത്തതിനെത്തുടര്‍ന്ന് ഫൈസ് ഫസലിനെ 2015-2016 സീസണില്‍ സിംബാബ് വെക്കെതിരായ ഏകദിന പരമ്പക്കുള്ള ഇന്ത്യന്‍ ടിമിലെടുത്തു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഒട്ടേറെ പുതുമുഖങ്ങളടങ്ങിയ ടീമായിരുന്നു സിംബാബ്‌വെ്ക്കെതിരെ ഇന്ത്യക്കായി ഇറങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ഫസല്‍ തിളങ്ങി. എന്നാല്‍ മറ്റ് യുവതാരങ്ങള്‍ക്ക് അവസരം ഒരുക്കാനായി അടുത്ത മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ ഫസലിനെ പിന്നീട് പരമ്പരക്കുശേഷം ടീമില്‍ നിന്ന് ഒഴിവാക്കി. പിന്നീടിതുവരെ ഫസലിന് ഇന്ത്യന്‍ ടീമിലെത്താനായിട്ടില്ല.

ശ്രീനാഥ് അരവിന്ദ്: ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്കായി പുറത്തെടുത്ത മികച്ച പ്രടനങ്ങളുടെ അടിസ്ഥാനത്തിലാണ് പേസ് ബൗളറായ ശ്രീനാഥ് അരവിന്ദ് സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 2014-105ല്‍ കര്‍ണാടകയെ രഞ്ജി ചാമ്പ്യന്‍മാരാക്കുന്നതില്‍ അരവിന്ദിന്റെ സംഭാവന വലുതായിരുന്നു. തുടര്‍ന്ന് 2015ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരക്കുളള ഇന്ത്യന്‍ ടീമിലേക്ക് അരവിന്ദിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തു. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ 3.4 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ അരവിന്ദിന് ബൗളിംഗില്‍ തിളങ്ങാനായില്ല. അതിനുശേഷം അരവിന്ദിന് പിന്നീടൊരിക്കലും ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമായി അരവിന്ദിന്റെ പ്രകടനങ്ങള്‍ ഒതുങ്ങി.

ഷഹബാദ് നദീം: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവനായ ബൗളര്‍മാരിലൊരാളാകും നദീം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുന്ന നദീം ഇടം കൈയന്‍ സ്പിന്നറാണ്. 2004ല്‍ ധോണിയുടെ ജാര്‍ഖണ്ഡിനായി അരങ്ങേറിയ നദീം 16 വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. 2019ല്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരത്തില്‍ പോലും നദീമിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ഒടുവില്‍ കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കുല്‍ദീപ് യാദവിന് പരിക്കേറ്റപ്പോള്‍ നദീമിനെതേടി വീണ്ടും സെലക്ടര്‍മാരുടെ വിളിയെത്തി. മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ച നദീം നാലു വിക്കറ്റുമായി തിളങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് നദീമിന് ടെസ്റ്റിലും ടി20യിലും ഒന്നും ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിച്ചില്ല. ഇതിന്റെ കാരണം ഇപ്പോഴും നദീമിനറിയില്ല. പ്രായം 30 കടന്നെങ്കിലും ഇനിയും ഇന്ത്യക്കായി കളിക്കാനാകുമെന്ന പ്രതീക്ഷ നദീമിനുണ്ട്.

രാഹുല്‍ ചാഹര്‍: യുസ്‌വേന്ദ്ര ചാഹലിന് പകരക്കാരനാവുമെന്ന് കരുതിയ താരമാണ് ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ചാഹര്‍. 2018-2019  സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനായി ഇറങ്ങിയ ചാഹര്‍ ടൂര്‍ണമമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. പിന്നീട് ദേവ്‌ധര്‍ ട്രോഫിയിലും മികവ് കാട്ടി. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ ചാഹറിനെ തെര‍ഞ്ഞെടുത്തു. പരമ്പരയിലെ അവസാന മത്സരത്തില്‍ അവസരം ലഭിച്ച ചാഹര്‍ 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് തിളങ്ങിയെങ്കിലും പിന്നീട് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല. പ്രായം 20 കടന്നിട്ടേയുള്ളൂവെന്നതിനാല്‍ ചാഹറിന് ഇനിയും ഇന്ത്യക്കായി കളിക്കാന്‍ അവസരമുണ്ട്.

മായങ്ക് മാര്‍കണ്ഡെ: 2018 ഐപിഎല്‍ സീസണിലെ പുറത്തെടുത്ത മികച്ച ബൗളിംഗ് പ്രകടനമാണ് മായങ്ക് മാര്‍ക്കണ്ഡെയെ ശ്രദ്ധേയനാക്കിയത്. മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങിയ മാര്‍ക്കണ്ഡെ 14 കളികളില്‍ 15 വിക്കറ്റെടുത്തു. 2018-2019 രഞ്ജി സീസണില്‍ പഞ്ചാബിനായി ആറ് കളികളില്‍ 29 വിക്കറ്റെടുത്തും തിളങ്ങി. തുടര്‍ന്ന് 2019ല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ടര്‍മാര്‍ മാര്‍ക്കണ്ഡെയെ ഉള്‍പ്പെടുത്തി.

ആദ്യ മത്സരത്തില്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും ബൗളിംഗില്‍ തിളങ്ങാനായില്ല(0/31). 22 കാരനായ മാര്‍ക്കണ്ഡെ ഇനിയും മെച്ചപ്പെടാനുണ്ടെന്ന വിലയിരുത്തലില്‍ പരമ്പരക്കുശേഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. പിന്നീട് ഇതുവരെ മാര്‍ക്കണ്ഡെക്ക് ഇന്ത്യക്കായി കളിക്കാനായിട്ടില്ല. രാഹുല്‍ ചാഹറിനെപ്പോലെ മാര്‍ക്കണ്ഡെയ്ക്ക് മുന്നിലും പ്രായം അനുകൂലഘടകമാണ്.