മുംബൈ: പിറന്നാള്‍ ദിനത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തെക്കുറിച്ച് മനസുതുറന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 2011ലെ ഏകദിനല ലോകകപ്പ് വിജയിച്ചതും അതിനുശേഷം ടീം അംഗങ്ങള്‍ തന്നെ ചുമലിലേറ്റി ഗ്രൗണ്ട് വലംവെച്ചതുമാണ് ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമെന്ന്  സച്ചിന്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഞാനായിരുന്നു. അവസാനം എന്റെ സംഭാവനകള്‍ പാഴായില്ല. എല്ലാത്തിനും അവസാനം നമ്മളെത്രെ റണ്‍സ് നേടി എന്നതല്ല, ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ട്രോഫികള്‍ തന്നെയാണ് പ്രധാനം. ലോകകപ്പ് ജയം എന്റെ ക്രിക്കറ്റ് ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ്. അതിലും വലിയൊരു കാര്യം ഇനി ആഗ്രഹിക്കാനില്ല. വിജയശേഷം യഥാര്‍ത്ഥ ചാമ്പ്യനെപ്പോലെ ടീം അംഗങ്ങള്‍ എന്നെ ചുമലിലേറ്റി വിക്ടറി ലാപ് നടത്തിയപ്പോഴുണ്ടായ വികാരം പറഞ്ഞറിയിക്കാനാവില്ല. ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം.

ആദ്യമായി ഇന്ത്യന്‍ ക്യാപ് അണിഞ്ഞതും ഇതുപോലെ മറക്കാനാവനാത്തതാണ്. പക്ഷെ 2011ലെ ലോകകപ്പ് ജയത്തോളം മറ്റൊന്നും വരില്ല. രാജ്യം മുഴുവന്‍ ആഘോഷിക്കുകയായിരുന്നു ആ വിജയം. വളരെ അപൂര്‍വമായാണ് ഒരു രാജ്യം മുഴവുവന്‍ ഒരുമിച്ച് ഇത്തരത്തില്‍ വിജയാഘോഷം നടത്തുന്നത് കാണാനാകുക-സച്ചിന്‍ പറഞ്ഞു.

Alos Read: സച്ചിന് 47-ാം പിറന്നാള്‍; ബാറ്റിംഗ് ഇതിഹാസത്തിന് ആശംസകളുമായി കായികലോകം

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പിറന്നാളാഘോഷം ഉണ്ടാവില്ലെന്ന് സച്ചിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും കായികലോകത്തുനിന്ന് നിരവധിയാളുകള്‍ സച്ചിന് പിറന്നാളാശംസകള്‍ നേര്‍ന്നു. ഇന്ത്യക്കായി 200 ടെസ്റ്റിലും 463 ഏകദിനത്തിലും കളിച്ച സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഒരേയൊരു താരമാണ്. ടെസ്റ്റില്‍ 15,921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സും സച്ചിന്റെ പേരിലുണ്ട്. പതിനാറാം വയസില്‍ 1989ല്‍ ഇന്ത്യക്കായി അരങ്ങേറിയ സച്ചിന്‍ 2013ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.