'അന്ന് ആ വസ്ത്രമിടുന്നതില്‍ നിന്ന് ദ്രാവിഡ് വിലക്കി'; മലേഷ്യയിലുണ്ടായ സംഭവം വിവരിച്ച് റെയ്‌ന

By Web TeamFirst Published Jun 14, 2021, 10:22 PM IST
Highlights

ഒരു ബ്രാന്‍ഡഡ് ടീ ഷര്‍ട്ട് ധരിക്കുന്നത് ദ്രാവിഡ് വിലക്കിയ സംഭവമായിരുന്നത്. റെയ്‌ന ഉപയോഗിച്ച വസ്ത്രത്തില്‍ അനാവശ്യവാക്ക് അക്ഷരം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചെഴുതിയിരുന്നു.

മുംബൈ: മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ ആത്മകഥ (Believe: What Life and Cricket Taught Me) ഇന്നാണ് പുറത്തിറങ്ങിയത്. ക്രിക്കറ്റ് കരിയറും ചിന്തകളുമെല്ലാം അദ്ദേഹം പുസ്തകത്തില്‍ പങ്കുവച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ കീഴിലാണ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. ദ്രാവിഡിനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം റെയ്‌ന ആവേശത്തോടെ സംസാരിക്കാറുമുണ്ട്. 

പുസ്തകത്തിലും ദ്രാവിഡിനെ കുറിച്ചൊരു ഭാഗമുണ്ട്. 2006ല്‍ മലേഷ്യയില്‍ ത്രിരാഷ്ട്ര പരമ്പരയ്ക്ക് പോയപ്പോഴുണ്ടായ അനുഭവമാണ് റെയ്‌ന പങ്കുവെക്കുന്നത്. ഒരു ബ്രാന്‍ഡഡ് ടീ ഷര്‍ട്ട് ധരിക്കുന്നത് ദ്രാവിഡ് വിലക്കിയ സംഭവമായിരുന്നത്. റെയ്‌ന ഉപയോഗിച്ച വസ്ത്രത്തില്‍ അനാവശ്യവാക്ക് അക്ഷരം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചെഴുതിയിരുന്നു. അതിനെ കുറിച്ചാണ് ദ്രാവിഡ് റെയ്‌നയോട് സംസാരിച്ചത്. ''അന്ന് ദ്രാവിഡ് എന്നോട് ചോദിച്ചു, എന്താണ് ധരിച്ചാണ് പുറത്തിറങ്ങി നടക്കുന്നതെന്ന്. നിങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ്. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പുറത്തേക്കിറങ്ങാതിരിക്കാന്‍ ശ്രമിക്കുക. പിന്നാലെ വസ്ത്രം മാറാന്‍ പോയ ഞാനത് ഉപേക്ഷിക്കുകയും ചെയ്തു. 

രാജ്യത്തിന് വേണ്ടി കളിക്കുന്നത് ബഹുമാനത്തോടെയാണ് ദ്രാവിഡ് എപ്പോഴും കണ്ടിരുന്നത്. തന്റെ കീഴില്‍ കളിക്കുന്ന താരങ്ങള്‍ ചിട്ടയോടെയായിരിക്കണം പുറത്തിറങ്ങേണ്ടതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.'' റെയ്‌ന പറഞുനിര്‍ത്തി.

2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരെയാണ് റെയ്‌ന അരങ്ങേറുന്നത്. ദ്രാവിഡായിരുന്നു അന്ന് ക്യാപ്റ്റന്‍. ആദ്യ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാന്‍ റെയ്‌നയ്ക്ക് സാധിച്ചിരുന്നില്ല.

click me!