
ബെംഗളൂരു: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ ടീം കോംബിനേഷനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. എട്ട് ബാറ്റർമാരെ ഉൾപ്പെടുത്തി പ്ലേയിംഗ് ഇലവനെ ഇറക്കുന്ന നിലപാടിനോട് തനിക്ക് ഒരുതരത്തിലും യോജിക്കാനാവില്ലെന്നും ഇത് ഇന്ത്യൻ ബോളിംഗ് നിരയെ ദുർബലമാക്കുന്നുവെന്നും ഗവാസ്കർ മത്സരഷേഷം വ്യക്തമാക്കി.
ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞിരുന്നു. പരമ്പരയിലുടനീളം ഇന്ത്യൻ ബൗളർമാർ മോശം ലെങ്തിലാണ് പന്തെറിഞ്ഞതെന്നും മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മത്സരശേഷം തുറന്നുപറഞ്ഞിരുന്നു. ഇന്ത്യൻ ബൗളര്മാര്ക്കെതിരെ വിൻഡീസ് ബാറ്റിംഗ് നിര മൂന്ന് മത്സരങ്ങളിലും 200-ലധികം റൺസ് അടിച്ചുകൂട്ടുകയും ചെയ്തു.
പരമ്പരയിലെ ഭൂരിഭാഗം മത്സരങ്ങളിലും മൂന്ന് സ്പെഷ്യലിസ്റ്റ് ബൗളർമാരെ മാത്രമാണ് ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ് എന്നിവർക്കൊപ്പം നിതീഷ് റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധിർ എന്നീ ഓൾറൗണ്ടർമാരെയാണ് ടീം ആശ്രയിച്ചത്. എന്നാൽ ഇത് ബോളിംഗിന്റെ ആഴം കുറയ്ക്കുകയും വിൻഡീസ് ബാറ്റ്സ്മാന്മാർക്ക് റണ്ണടിച്ചുകൂട്ടാൻ അവസരമൊരുക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളിൽ 240-ലധികം റൺസാണ് വിൻഡീസ് അടിച്ചുകൂട്ടിയത്.
ഇന്ത്യ കുറഞ്ഞത് നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരുമായി കളിക്കാനിറങ്ങണമെന്ന് ഗവാസ്കര് പറഞ്ഞു. അഞ്ചാമത്തെയും ആറാമത്തെയും ബൗളർമാരായി ബാറ്റ് ചെയ്യാൻ കഴിയുന്ന അക്സർ പട്ടേൽ, നമൻ ധിർ തുടങ്ങിയ ഓൾറൗണ്ടർമാരെ ഉപയോഗിക്കാം. ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിൽ നമ്മൾ പലപ്പോഴും വഴിതെറ്റിപ്പോകുന്നുണ്ട്. ഹാർദിക്കിന് പകരക്കാരനാകാൻ മറ്റാർക്കും കഴിയില്ല. അതിനാൽ വ്യത്യസ്തമായ ജോലി ചെയ്യാൻ കഴിയുന്ന കളിക്കാരെ കണ്ടെത്തണം. എട്ടാം നമ്പർ വരെ ബാറ്റിംഗ് നീട്ടുമ്പോൾ ബോളിംഗ് നിര ദുർബലമാകുകയും നമ്മൾ തോൽവി വഴങ്ങുകയും ചെയ്യുന്നുവെന്നും ഗവാസ്കർ പറഞ്ഞു.
ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിൽ എട്ടാം നമ്പർ വരെ ബാറ്റിംഗ് ലൈനപ്പ് നീട്ടി ആക്രമിച്ചു കളിക്കുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. 2026 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 253 റൺസും ഫൈനലിൽ ന്യൂസിലൻഡിനെതിരെ 255 റൺസും അടിച്ചുകൂട്ടി കിരീടം നേടാൻ ഇന്ത്യയെ സഹായിച്ചത് ഈ ബാറ്റിംഗ് ആഴമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!