
വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തിനിടെ ചെന്നൈ താരം രവീന്ദ്ര ജഡേജക്കെതിരായ അപ്പീല്‍ ഹൈദാരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പിന്‍വലിച്ചത് തന്ത്രത്തിന്‍റെ ഭാഗമാകാമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിഗ്സിലെ പത്തൊമ്പതാം ഓവറിലാണ് ജഡേജക്കെതിരായ ഫീല്‍ഡിംഗ് തടസപ്പെടുത്തല്‍ നിയമപ്രകാരം കമിന്‍സ് അപ്പീല്‍ ചെയ്തത്.
ഭുവനേശ്വര്‍ കുമാറിന്‍റെ യോര്‍ക്കര്‍ തടുത്തിട്ട ജഡേജ സിംഗിളിനായി ക്രീസ് വിട്ട് ഓടാന്‍ ശ്രമിച്ചെങ്കിലും പന്ത് കൈയിലെടുത്ത ഭുവി വിക്കറ്റിലേക്ക് എറിഞ്ഞിരുന്നു. എന്നാല്‍ പന്തിന്‍റെ ദിശയില്‍ തിരിഞ്ഞോടിയ ജഡേജയുടെ മുതുകത്ത് കൊണ്ട പന്ത് വിക്കറ്റില്‍ കൊണ്ടില്ല. ഇതോടെ വിക്കറ്റ് കീപ്പറായിരുന്ന ഹെന്‍റിച്ച് ക്ലാസന്‍ ഫീല്‍ഡിംഗ് തടസപ്പെടുത്തല്‍ നിയമപ്രകാരം അപ്പീല്‍ ചെയ്യാന്‍ കമിന്‍സിനോട് ആവശ്യപ്പെട്ടു. ആദ്യം അപ്പീലിനായി മുതിര്‍ന്നെങ്കിലും പിന്നീട് കമിന്‍സ് അമ്പയര്‍മാരോട് അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി.
എന്നാല്‍ കമിന്‍സ് അത് ചെയ്തത് മാന്യതയുടെ പേരിലല്ലെന്നും തന്ത്രത്തിന്‍റെ ഭാഗമായി ആവാമെന്നും വ്യക്തമാക്കുകയാണ് മുഹമ്മദ് കൈഫ്. ഈ സമയം 19 പന്തില്‍ 25 റണ്‍സ് മാത്രമെടുത്ത ജഡേജ ടൈമിംഗ് കണ്ടെത്താന്‍ പാടുപെടുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കേണ്ട സമയത്ത് ജഡേജക്ക് അതിന് കഴിഞ്ഞില്ല.ഈ സമയം അപ്പീല്‍ ചെയ്ത് ജഡേജയെ ഔട്ടാക്കിയിരുന്നെങ്കില്‍ എം എസ് ധോണി ക്രീസിലെത്തുമായിരുന്നു. ധോണി ക്രീസിലെത്തുന്നത് പരമാവധി വൈകിക്കുക എന്നതായിരുന്നിരിക്കാം കമിന്‍സിന്‍റെ തന്ത്രമെന്നും കൈഫ് പറഞ്ഞു.
മൊയീന്‍ അലിക്കും മുമ്പെ അഞ്ചാം നമ്പറില്‍ ബാറ്റിംഗ് പ്രമോഷന്‍ ലഭിച്ച് ക്രീസിലെത്തിയ ജഡേജക്ക് 23 പന്തില്‍ 31 റണ്‍സെ നേടാനായുള്ളു. ഇരുപതാം ഓവറില്‍ ഡിരില്‍ മിച്ചല്‍ പുറത്തായപ്പോഴാണ് പിന്നീട് ധോണി ക്രീസിലെത്തിയത്.രണ്ട് പന്ത് നേരിട്ട ധോണിക്ക് ഒരു റണ്‍സ് മാത്രമെ നേടാനായുള്ളു. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ തോല്‍വി ഉറപ്പായിട്ടും തകര്‍ത്തടിച്ച ധോണി 16 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തി 37 റണ്‍സടിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തിലും ജഡേജക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 17 പന്തില്‍ 21 റണ്‍സായിരുന്നു ഡല്‍ഹിക്കെതിരെ ജഡേജ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!