
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും. നേരത്തെ, സഞ്ജുവിനെ ബാക്ക് അപ്പ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടുകയും മത്സരത്തിലെ താരവുമായിരുന്നു സഞ്ജുവിന് ടീമിലിടം ലഭിച്ചില്ല. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ട് സഞ്ജുവിന്. ഇതുവരെ കളിച്ചത് 16 ഏകദിനങ്ങള്‍, 14 ഇന്നിങ്സുകളില്‍ നിന്നായി 56.66 ശരാശരിയില്‍ 510 റണ്‍സ്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു ശതകവും അക്കൗണ്ടിലുണ്ട്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 99.6 ആണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. അന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ആറ് ഫോറും മൂന്ന് സിക്സറുകളും.
എന്തുകൊണ്ടാണ് സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കുന്നില്ല എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള മറുപടിയായി ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്, സഞ്ജു ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നാണ്. അദ്ദേഹം മധ്യനിരയില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍നിരയില്‍ ഇറങ്ങുന്നതാണെന്നാണ്. മാത്രമല്ല, ധ്രുവ് ജുറല്‍ മിഡില്‍ ഓര്‍ഡര്‍ പ്ലെയറാണെന്ന് അദ്ദേഹം എടുത്തുപറയുകയും ചെയ്തു. ഏറെ രസകരമായ കാര്യം എന്തെന്നാല്‍, സഞ്ജു ടി20 ഫോര്‍മാറ്റില്‍ കളിക്കുന്നത് മധ്യനിര താരമായിട്ടാണ്. ഇക്കാര്യം സൗകര്യപൂര്‍വം വിസ്മരിച്ചാണ് അഗാര്‍ക്കര്‍ ഇക്കാരണം പറഞ്ഞത്.
സഞ്ജു ഏകദിന ടീമിലെത്തുമെന്ന് തുടക്കം മുതല്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ചില ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. കാരണം, സഞ്ജുവിന് ഓസ്‌ട്രേലിയ എ ടീമിനെിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ കളിച്ച തിലക് വര്‍മ, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരെല്ലാം ഇന്ത്യയുടെ എ ടീമിലുണ്ട്. രണ്ടാം ഏകദിനം മുതലാണ് നാല് പേരും ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയതുമില്ല. ശേഷിക്കുന്ന താരങ്ങളായ ശുഭ്മാന്‍ ഗില്‍, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പവും ചേര്‍ന്നു.
സഞ്ജുവിന് പുറമെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, ശിവം ദുബെ, തുടങ്ങിയവരൊന്നും ഇന്ത്യന്‍ എ ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. പക്ഷേ സഞ്ജുവില്‍ നിന്ന് വ്യത്യസ്തമാണ് ഇവരുടെ കാര്യം. ഇവരാരും ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരല്ല. സഞ്ജു ആകട്ടെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിരിക്കുന്നു. ഏകദിന ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കില്‍ സഞ്ജു എന്തായാലും ഇന്ത്യയുടെ എ ടീമില്‍ ഉണ്ടാവേണ്ടിയിരുന്നതാണ്. അതുണ്ടായില്ല. അതുകൊണ്ടുതന്നെയാണ് സഞ്ജു അടുത്ത കാലത്തൊന്നും ഏകദിനം ജേഴ്സിയില്‍ കാണില്ലെന്ന് പറയുന്നത്.
സഞ്ജുവിനെ ടി20യില്‍ മാത്രം ഒതുക്കാനുള്ള ശ്രമങ്ങളും നടന്നിരിക്കാം. ഓസീസിനെതിരെ രാഹുല്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. ജുറലിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. യഥാര്‍ത്ഥത്തില്‍ സെലക്ഷന്‍ കമ്മിയുടെ പ്ലാനും അങ്ങനെ തന്നെയാവാം. ഏകദിനങ്ങളില്‍ രാഹുലിനേയും ജുറലിനേയും വിക്കറ്റ് കീപ്പറാക്കാന്‍ തന്നെയാണ് പദ്ധതി. ഇരുവരും മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ആണെന്നുള്ളതാണ് പ്രഥമ പരിഗണന. ഇതില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ രാഹുലാണ് വിക്കറ്റ് കീപ്പറായതും. റിഷഭ് പന്താവട്ടെ ഇനി ടെസ്റ്റില്‍ മാത്രമായി ഒതുങ്ങാനും സാധ്യത ഏറെ.
മറുവശത്ത് ടി20 ഫോര്‍മാറ്റില്‍ സഞ്ജു വിക്കറ്റ് കീപ്പറായി തുടരും. സഞ്ജുവിന്റെ ബാക്ക് അപ്പായി ജിതേഷ് ശര്‍മയും. ഇവിടെ സഞ്ജുവിന്റെ കാര്യം കുറച്ച് അപകടത്തിലുമാണ്. മുന്‍നിര ബാറ്ററായ സഞ്ജു നിലവില്‍ ടി20യില്‍ കളിക്കുന്നത് മധ്യനിരയിലാണ്. ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി വന്നതോടെയാണ് സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം മറക്കേണ്ടി വന്നത്. മധ്യനിരയിലാവട്ടെ, തന്നെ അടയാളപ്പെടുത്തുന്ന പ്രകടനം സഞ്ജു നടത്തിയിട്ടുമില്ല. ഇനി അതിന് പരാജയപ്പെട്ടാല്‍ ജിതേഷ് ആ സ്ഥാനം സ്വന്തമാക്കുകയും ചെയ്യും.
ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, രാഹുല്‍ എന്നിവര്‍ക്ക് ശേഷം വരുന്ന ആറാം നമ്പര്‍ സ്ഥാനത്താണ് സഞ്ജു കളിക്കേണ്ടിയിരുന്നത്. നിലവില്‍ അക്സര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയുമാണ് ഈ സ്ഥാനത്ത് കളിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഹാര്‍ദിക് ഇല്ലാത്തത് കൊണ്ട് ആ സ്ഥാനത്ത് നിതീഷ് കുമാര്‍ റെഡ്ഡി വരും. എന്നാല്‍ വരും ദിവസങ്ങളില്‍ ആ സ്ഥാനത്തേക്ക് തിലക് വര്‍മ, റിയാന്‍ പരാഗ് എന്നിവരെ പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല.