പതിമൂന്നാം ബിഗ് ബാഷ് ലീഗ് സീസണില്‍ 105.21 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഓസീസ് താരം ബ്രിസ്ബേന്‍ ഹീറ്റ് താരം നഥാന്‍ മക്‌സ്വീനിയുടെ പേരാലായിരുന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് ഇത്തവണ ബാബറിന്‍റെ തലയിലായത്.

മെല്‍ബണ്‍:പാകിസ്ഥാന്‍ താരം ബാബര്‍ അസം ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ നിന്ന് വിടവാങ്ങുന്നത് ടൂര്‍ണമെന്‍റി്ന്‍റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായി. ബിഗ് ബാഷ് ലീഗ് ചരിത്രത്തില്‍ കുറഞ്ഞത് 200 റണ്‍സെങ്കിലും നേടിയ ബാറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് എന്ന നാണക്കേടുമായാണ് ഈ സീസണില്‍ സിഡ്നി സിക്സേഴ്നിനോട് ബാബര്‍ വിട പറഞ്ഞത്. പതിനഞ്ചാമത് ബിഗ് ബാഷ് ലീഗ് സീസണില്‍ 11 ഇന്നിംഗ്സില്‍ 103.06 സ്ട്രൈക്ക് റേറ്റില്‍ 202 റണ്‍സ് മാത്രമാണ് ബാബര്‍ അസം നേടിയത്.

പതിമൂന്നാം ബിഗ് ബാഷ് ലീഗ് സീസണില്‍ 105.21 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഓസീസ് താരം ബ്രിസ്ബേന്‍ ഹീറ്റ് താരം നഥാന്‍ മക്‌സ്വീനിയുടെ പേരാലായിരുന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് ഇത്തവണ ബാബറിന്‍റെ തലയിലായത്. പത്താം സീസണില്‍ ജൊനാഥന്‍ വെല്‍സ്(106.04), ആറാം സീസണില്‍ ബ്രിസ്ബേന്‍ ഹീറ്റിന്‍റെ അലക്സ് റോസ്(106.25), 11-ാം സീസണില്‍ ഓസീസ് ഓപ്പണറായ ജേക്ക് വെതറാള്‍ഡ്(107.3) എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ബാബര്‍ ടി20 ലീഗില്‍ ഏകദിനം കളിച്ചത്.

ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിനായി കളിച്ച ബാബറിനെ ദേശീയ ടീമിനായി കളിക്കാനായി കഴി‍ഞ്ഞ ദിവസമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചുവിളിച്ചത്. സീസണില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയ ബാബറിന്‍റെ ഉയര്‍ന്ന സ്കോര്‍ 58 റണ്‍സാണ്. മൂന്ന് സിക്സ് മാത്രമാണ് ബാബര്‍ ടൂര്‍ണമെന്‍റില്‍ നേടിയത്. സിഡ്നി തണ്ടറുമായുള്ള മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ സ്മിത്ത് ബാബറിന് സിംഗിള്‍ നിഷേധിച്ചത് വലിയ വിവാദമായിരുന്നു.

ബാബര്‍ 37 പന്തില്‍ 47 റണ്‍സില്‍ നില്‍ക്കെയായിരുന്നു സ്മിത്ത് ഓവറിലെ അവസാന പന്തില്‍ ഓടാന്‍ സ്മിത്ത് വിസമ്മതിച്ചത്. അടുത്ത ഓവറില്‍ നാലു സിക്സും ഒരു ഫോറും അടിച്ച സ്മിത്ത് തന്‍റെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു. അടുത്ത ഓവറിലെ ആദ്യ പന്തില്‍ 47 റണ്‍സില്‍ തന്നെ പുറത്തായ ബാബര്‍ പുറത്തേക്ക് പോകുമ്പോള്‍ ബൗണ്ടറി റോപ്പില്‍ അടിച്ച് അരിശം പ്രകടിപ്പിച്ചിരുന്നു.

മെല്‍ബൺ റെനഗഡ്സ് താരമായ പാക് ടീമിലെ സഹതാരം മുഹമ്മദ് റിസ്‌വാന് ബിഗ് ബാഷില്‍ ബാബറിനെക്കാള്‍ മോശം സ്ട്രൈക്ക് റേറ്റാണുള്ളത്. റിസ്‌വാന്‍ 10 മത്സരങ്ങളില്‍ 102.74 സ്ട്രൈക്ക് റേറ്റില്‍ 187 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് സിക്സ് മാത്രമാണ് 10 മത്സരങ്ങളില്‍ നിന്ന് റിസ്‌വാന്‍ അടിച്ചത്.

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരം ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. ഈ മാസം 29നാണ് ടി20 പരമ്പര തുടങ്ങുന്നത്. ഇടക്കാലത്ത് ടി20 ടീമില്‍ നിന്ന് പുറത്തായ ബാബര്‍ അടുത്തിടെ ടീമില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ റിസ്‌വാന് ഇതുവരെ ടി20 ടീമില്‍ തിരിച്ചെത്താനായിട്ടില്ല. ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.