ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ചണ്ഡീഗഡിനായി ക്യാപ്റ്റൻ മനൻ വോറയും അര്‍ജ്ജുന്‍ ആസാദും സെഞ്ചുറി നേടി.
മംഗലപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ചണ്ഡീഗഡിനെതിരെ കേരളത്തിന്‍റെ പ്രതീക്ഷ മങ്ങുന്നു. ആദ്യ ദിനം ഒന്നാം ഇന്നിംഗ്സില്‍ 139 റണ്‍സിന് ഓള്‍ ഔട്ടായ കേരളത്തിനെതിരെ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ചണ്ഡീഗഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ചണ്ഡീഗഡിനിപ്പോള്‍ 229 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. 51 റണ്‍സുമായി അര്‍ജിത് സിംഗും 11 റണ്‍സോടെ വിഷുവുമാണ് ക്രീസില്‍.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ചണ്ഡീഗഡിനായി ക്യാപ്റ്റൻ മനൻ വോറയും അര്‍ജ്ജുന്‍ ആസാദും സെഞ്ചുറി നേടി. മനന്‍ വോറ 206 പന്തില്‍ 113 റണ്‍സെടുത്തപ്പോള്‍ അര്‍ജുന്‍ ആസാദ് 123 പന്തില്‍ 102 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 225 പന്തില്‍ 161 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു.
സെഞ്ചുറി നേടിയ അര്‍ജ്ജുന്‍ ആസാദ് പുറത്തായശേഷം ക്രീസിലെത്തിയ ശിവം ബാംബ്രിക്കൊപ്പം(41)82 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ മനന്‍ വോറ ചണ്ഡീഗഡിന് കൂറ്റന്‍ ലീഡ് ഉറപ്പാക്കി. 113 റണ്‍സെടുത്ത മനന്‍ വോറയെയും 41 റണ്‍സെടുത്ത ശിവം ബാംബ്രിയെയും വിഷ്ണു വിനോദ് പുറത്താക്കിയെങ്കിലും തരണ്‍പ്രീത് സിംഗും(25) അര്‍ജിത് സിംഗും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടിലൂടെ തകര്‍ച്ച ഒഴിവാക്കി. തരണ്‍പ്രീത് സിംഗ്(25) ശ്രീഹരി എസ് നായരുടെ പന്തില്‍ പുറത്തായെങ്കിലും വിഷുവുമൊത്ത് 32 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി അര്‍ജിത് സിംഗ് ചണ്ഡീഗഡിനെ 370 റണ്‍സിലെചത്തിച്ചു. കേരളത്തിനായി വിഷ്ണു വിനോദ് രണ്ടു വിക്കറ്റെടുത്തു.
