ധവാന്‍ എങ്ങനെ ടി20 ലോകകപ്പ് ടീമിന് പുറത്തായി; മറുപടിയുമായി മുഖ്യ സെലക്‌ടര്‍

By Web TeamFirst Published Sep 9, 2021, 3:10 PM IST
Highlights

ടീമിലുള്ള മറ്റൊരു ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍റെ പേര് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ

മുംബൈ: യുഎഇയില്‍ അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ എല്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിട്ട് കുറച്ച് നാളുകളായെങ്കിലും മൂന്നാം ഓപ്പണറായി 15 അംഗ സ്‌ക്വാഡില്‍ ധവാന്‍റെ പേര് കാണാത്തതാണ് അത്ഭുതപ്പെടുത്തിയത്. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ തന്നെ മൂന്ന് ഓപ്പണര്‍മാരുണ്ട് എന്ന മറുപടി നല്‍കുകയാണ് മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ. 

'ശിഖര്‍ ധവാന്‍ നമ്മുടെ വളരെ പ്രധാനപ്പെട്ട താരമാണ്. ശ്രീലങ്കയില്‍ ടീമിനെ നയിച്ചത് ധവാനാണ്. ധവാനെ ചൊല്ലി എന്ത് ചര്‍ച്ചയാണ് നടന്നതെന്ന് പുറത്തുപറയാനാവില്ല. ധവാന് വിശ്രമം നല്‍കുകയായിരുന്നു. അദേഹം വേഗം തിരിച്ചുവരും. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പം ഓപ്പണറായും മധ്യനിരയിലും ബാറ്റേന്താന്‍ കഴിയുന്ന ഇഷാന്‍ കിഷനും ടീമിലുണ്ട്. അതിനാല്‍ കിഷന്‍ ഏറെ സാധ്യതകള്‍ നല്‍കുന്നു. ആവശ്യമെങ്കില്‍ ലങ്കയില്‍ ഏകദിനത്തില്‍ കളിച്ച പോലെ കിഷനെ ഓപ്പണറാക്കാം. അവിടെ അര്‍ധ സെഞ്ചുറി നേടി. സ്‌പിന്നിനെ നന്നായി കളിക്കുന്നതിനാല്‍ മധ്യനിരയിലും താരത്തെ ഉപയോഗിക്കാം. 

കോലിയെ ഓപ്പണറാക്കണോ എന്ന തീരുമാനം ടീം മാനേജ്‌മെന്‍റാണ് കൈക്കൊള്ളുക. എന്തായാലും ഇപ്പോള്‍ മൂന്ന് ഓപ്പണര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരാട് ടീമിന്‍റെ മുതല്‍ക്കൂട്ടാണ്. വിരാട് മധ്യനിരയിലുള്ളപ്പോള്‍ ടീം അദേഹത്തെ ആശ്രയിച്ചാണ് കളിക്കുക. മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങി ടി20യില്‍ കോലിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഞാന്‍ പറഞ്ഞതുപോലെ സാഹചര്യം അനുസരിച്ചായിരിക്കും ബാറ്റിംഗ് ഓര്‍ഡറില്‍ തീരുമാനം കൈക്കൊള്ളുക' എന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു. 

2013 മുതല്‍ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമാണ് ശിഖര്‍ ധവാന്‍. 2013 ചാമ്പ്യന്‍സ് ട്രോഫി, 2015 ഏകദിന ലോകകപ്പ്, 2017 ചാമ്പ്യന്‍സ് ട്രോഫി, 2014, 2016 ടി20 ലോകകപ്പ് ടീമുകളില്‍ ധവാന്‍ അംഗമായിരുന്നു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര  അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, അശ്വിന്‍ ടീമില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!