
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ ഗാലറിയിലെ ഒരു കാഴ്ച ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. മുന്‍ നായകന്മാരായ എം എസ് ധോണിയും രോഹിത് ശര്‍മ്മയും വിഐപി ബോക്‌സിലിരുന്ന് മത്സരം കാണുന്നത് ആരാധകര്‍ക്ക് ആവേശമായെങ്കിലും, മറ്റൊരു ഇതിഹാസ താരം വിരാട് കോലിയുടെ അസാന്നിധ്യം പലരെയും നിരാശരാക്കി. രോഹിതും കോലിയും ഏകദിന ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണെന്നിരിക്കെ, ധോണിക്കും രോഹിത്തിനും ഒപ്പം കോഹ്ലി എത്താത്തതിന്റെ കാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തിരയുന്നത്.
ഇതിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിലൊന്ന് എം എസ് ധോണിയും രോഹിത് ശര്‍മയും മുന്‍പ് ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം നേടിത്തന്ന നായകന്മാരാണ്. 2007-ല്‍ ധോണിയും 2024-ല്‍ രോഹിത്തും ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചു. ഈ പദവിയിലുള്ള മുന്‍ നായകന്മാരെ ഔദ്യോഗികമായി ക്ഷണിച്ചതിനാലാണ് ഇരുവരും ഫൈനലിനെത്തിയത്. എന്നാല്‍ കോലി ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിട്ടില്ലാത്തതിനാല്‍ അത്തരമൊരു ഔദ്യോഗിക റോള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ പിന്നീട് കുറെ കാലത്തേക്ക് തന്നെ ആരും കാണില്ലെന്ന് വിരാട് കോലി മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ മാത്രമാണ് കോലി കളിക്കുന്നത്. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ, തിരക്കുകളില്‍ നിന്ന് മാറി വീട്ടിലിരുന്ന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഇന്ത്യയുടെ വിജയം ആഘോഷിക്കാനാണ് അദ്ദേഹം താല്പര്യപ്പെട്ടതെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!