ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര; വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, മൂന്ന് താരങ്ങള്‍ തിരിച്ചെത്തി

By Web TeamFirst Published Jul 8, 2021, 11:30 AM IST
Highlights

ബാര്‍ബഡോസിലെ കെന്‍സിംഗ്‌ടണ്‍ ഓവലില്‍ ജൂലൈ 20, 22, 24 തിയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. പകലും രാത്രിയുമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

സെന്‍റ് ജോണ്‍സ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഇടംകൈയന്‍ പേസര്‍ ഷെല്‍ഡണ്‍ കോട്രല്‍, ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ഓള്‍റൗണ്ടര്‍ റോസ്‌ടണ്‍ ചേസ് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് ശ്രദ്ധേയം. സീനിയര്‍ താരം കീറോണ്‍ പൊള്ളാര്‍ഡാണ് നായകന്‍. 

ഈ വര്‍ഷാദ്യം ശ്രീലങ്കയെ ഏകദിന പരമ്പരയില്‍ 3-0ന് തകര്‍ത്തുവിട്ട ടീമിലെ ഒട്ടുമിക്ക താരങ്ങളും സ്‌ക്വാഡിലുണ്ട്. 'ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ലങ്കക്കെതിരായ സമ്പൂര്‍ണ ജയം ടീമിന്‍റെ ആത്മവിശ്വാസം കൂട്ടുന്നതാണ്. ഹെറ്റ്‌മെയറുടെയും ചേസിന്‍റെയും കോട്രലിന്‍റേയും തിരിച്ചുവരവ് സ്‌ക്വാഡിന് കൂടുതല്‍ കെട്ടുറപ്പും പരിചയസമ്പത്തും നല്‍കും' എന്നും മുഖ്യ സെലക്‌ടര്‍ റോജര്‍ ഹാര്‍പര്‍ വ്യക്തമാക്കി. 

'ഹോം വേദിയില്‍ കളിക്കുന്നത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരങ്ങളെ സഹായിക്കും എന്നാണ് പ്രതീക്ഷ. ഐസിസി ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ റൗണ്ടിന്‍റെ ഭാഗമായാണ് പരമ്പര നടക്കുന്നത്. അതിനാല്‍ ഓരോ മത്സരവും പോയിന്‍റും വളരെ പ്രധാനപ്പെട്ടതാണ്' എന്നും ഹാര്‍പര്‍ കൂട്ടിച്ചേര്‍ത്തു. ബാര്‍ബഡോസിലെ കെന്‍സിംഗ്‌ടണ്‍ ഓവലില്‍ ജൂലൈ 20, 22, 24 തിയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. പകലും രാത്രിയുമായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്: കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), ഷായ് ഹോപ്(വൈസ് ക്യാപ്റ്റന്‍), ഫാബിയന്‍ അലന്‍, ഡാരന്‍ ബ്രാവോ, റോസ്‌ടണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്രല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, എവിന്‍ ലൂവിസ്, ജേസന്‍ മുഹമ്മദ്, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, നിക്കോളാസ് പുരാന്‍, റൊമാരിയോ ഷെപ്പേര്‍ഡ്. 

ഇംഗ്ലണ്ടിലേക്ക് കൂടുതല്‍ താരങ്ങളില്ല; ടീമിന്‍റെ ആവശ്യം ബിസിസിഐ തള്ളിയതായി റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!