
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍(WI vs IND 1st T20I) ദീപക് ഹൂഡയെ(Deepak Hooda) ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ കൃഷ്‌ണമചാരി ശ്രീകാന്ത്(Krishnamachari Srikkanth). ഫാന്‍കോഡിലെ ചര്‍ച്ചയ്‌ക്കിടെ ടീം സെലക്ഷനെ പിന്തുണച്ച പ്രഗ്യാന്‍ ഓജയ്‌ക്ക്(Pragyan Ojha) മറുപടിയായാണ് ശ്രീകാന്തിന്‍റെ പ്രതികരണം. ശ്രേയസ് അയ്യരെ(Shreyas Iyer) ഉള്‍പ്പെടുത്തിയ തീരുമാനത്തെ ഓജ ചര്‍ച്ചയ്ക്കിടെ പിന്തുണച്ചിരുന്നു. എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് മുന്നേ അവസരം നല്‍കേണ്ടത് ദീപക് ഹൂഡയ്‌ക്കാണ് എന്ന് കെ ശ്രീകാന്ത് വാദിച്ചു.
'എവിടെ ദീപക് ഹൂഡ? രാജ്യാന്തര ടി20യിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുള്ള താരമാണ്. നിര്‍ബന്ധമായും ടീമിലുണ്ടായിരിക്കേണ്ടയാള്‍. ടി20 ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍മാര്‍ വേണമെന്ന് മനസിലാക്കുക. ബാറ്റിംഗ് ഓള്‍റൗണ്ടര്‍മാരും ബൗളിംഗ് ഓള്‍റൗണ്ടര്‍മാരും വേണം. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുള്ളത് ടീമിന് ഗുണം ചെയ്യും'- ചര്‍ച്ചയ്‌ക്കിടെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
ഇതിന് പിന്നാലെ ടീം സെലക്ഷനെ പിന്തുണച്ച് ഓജ രംഗത്തെത്തി. ഓജ സംസാരിച്ചുകൊണ്ടിരിക്കേ ഉടനടി ഉടപെട്ട ശ്രീകാന്തിന് ഒറ്റക്കാര്യമെ അറിയേണ്ടതുണ്ടായിരുന്നുള്ളൂ...'രാഹുല്‍ ദ്രാവിഡിന്‍റെ ചിന്ത നമുക്ക് ആവശ്യമില്ല, ഓജ തന്‍റെ വിലയിരുത്തലാണ് നടത്തേണ്ടത്, അത് ഇപ്പോള്‍ പറയണം' എന്നായി ശ്രീകാന്ത്. 'ഹൂഡ വേണം, തീര്‍ച്ചയായും ഹൂഡയെ കളിപ്പിക്കണം' എന്ന് ഒടുവില്‍ സമ്മതിച്ച് തടിയൂരുകയായിരുന്നു ഓജ. 'അത്രതേയുള്ളൂ കാര്യം' എന്ന് പറഞ്ഞ് ശ്രീകാന്ത് ചര്‍ച്ചയ്‌ക്ക് വിരമാമിട്ടു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ കെ ശ്രീകാന്ത് മുമ്പ് സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
ഇന്ത്യക്ക് ജയത്തുടക്കം
മത്സരത്തില്‍ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് ടി20കളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയ്, രവിചന്ദ്ര അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 190-6, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122-8. വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഇരുപതിനപ്പുറം കടക്കാനായില്ല. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്ക്‌സാണ് ടോപ് സ്‌കോറര്‍. നായകന്‍ നിക്കോളാസ് പുരാന്‍ 18 റണ്‍സില്‍ പുറത്തായി.
ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ പൂജ്യത്തിലും ഹാര്‍ദിക് പാണ്ഡ്യ ഒന്നിലും രവീന്ദ്ര ജഡേജ 16ലും മടങ്ങി. അവസാന ഓവറുകളില്‍ ആര്‍ അശ്വിനെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക് നടത്തിയ ഫിനിഷിംഗ് ഇന്ത്യയെ 190 റണ്‍സിലെത്തിക്കുകയായിരുന്നു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സെടുത്തു. അശ്വിന്‍ 10 പന്തില്‍ 13* റണ്‍സും. ഡികെ-അശ്വിന്‍ സഖ്യം പുറത്താകാതെ നേടിയ 52 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!