Asianet News MalayalamAsianet News Malayalam

ബാറ്റിംഗില്‍ വട്ടപ്പൂജ്യം, പക്ഷേ ഈ ബൗണ്ടറി സേവിന് 100 മാര്‍ക്ക്; സൂപ്പര്‍മാനായി ശ്രേയസ് അയ്യര്‍- വീഡിയോ

വിന്‍ഡീസ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ ആര്‍ അശ്വിന്‍റെ പന്തില്‍ നായകന്‍ നിക്കോളാസ് പുരാന്‍റെ സിക്‌സര്‍ മോഹമാണ് ശ്രേയസ് അയ്യര്‍ ഇല്ലാതാക്കിയത്

WI vs IND 1st T20I Watch Shreyas Iyer acrobatic Save of Nicholas Pooran shot
Author
Trinidad and Tobago, First Published Jul 30, 2022, 2:13 PM IST

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍(WI vs IND 1st T20I) പൂജ്യത്തില്‍ പുറത്തായ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍(Shreyas Iyer) വിമര്‍ശകരുടെ നടുവില്‍ പെട്ടിരിക്കുകയാണ്. നാല് പന്ത് നേരിട്ടിട്ടും താരത്തിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. എന്നാല്‍ ഇതേ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ബൗണ്ടറിലൈന്‍ സേവുമായി അയ്യര്‍ ഫീല്‍ഡിംഗില്‍ താരമാവുകയും ചെയ്‌തു. 

വിന്‍ഡീസ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ ആര്‍ അശ്വിന്‍റെ പന്തില്‍ നായകന്‍ നിക്കോളാസ് പുരാന്‍റെ സിക്‌സര്‍ മോഹമാണ് ശ്രേയസ് അയ്യര്‍ ഇല്ലാതാക്കിയത്. അശ്വിന്‍റെ ആദ്യ പന്തില്‍ സ്റ്റെപ് ഔട്ട് ചെയ്ത് സിക്‌സ് നേടാനായിരുന്നു പുരാന്‍റെ ലക്ഷ്യം. എന്നാല്‍ ഡീപ് മിഡ് വിക്കറ്റില്‍ സാഹസികമായി ക്യാച്ചെടുത്ത ശേഷം പന്ത് ബൗണ്ടറിക്കുള്ളിലേക്ക് തട്ടിയിടുകയായിരുന്നു ശ്രേയസ്. കാല്‍ ബൗണ്ടറിലൈനില്‍ മുട്ടീ മുട്ടീല്ല എന്ന കണക്കെ ഈനേരം ശ്രേയസും ബൗണ്ടറിയും തമ്മില്‍ ഇഞ്ചുകളുടെ അകലം മാത്രമേയുണ്ടായിരുന്നുള്ളൂ. ആറ് റണ്‍സ് ലഭിക്കേണ്ടിയിരുന്ന വിന്‍ഡീസിനെ രണ്ടില്‍ തളച്ചു ശ്രേയസിന്‍റെ പറക്കും സേവ്. ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണും സമാനമായി മുമ്പ് ബൗണ്ടറിലൈന്‍ സേവ് പുറത്തെടുത്തിട്ടുണ്ട്. 

മത്സരത്തില്‍ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് ടി20കളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയ്, രവിചന്ദ്ര അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 190-6, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122-8. വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഇരുപതിനപ്പുറം കടക്കാനായില്ല. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്ക്‌സാണ് ടോപ് സ്‌കോറര്‍. നായകന്‍ നിക്കോളാസ് പുരാന്‍ 18 റണ്‍സില്‍ പുറത്തായി.  

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ പൂജ്യത്തിലും ഹാര്‍ദിക് പാണ്ഡ്യ ഒന്നിലും രവീന്ദ്ര ജഡേജ 16ലും മടങ്ങി. അവസാന ഓവറുകളില്‍ ആര്‍ അശ്വിനെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക് നടത്തിയ ഫിനിഷിംഗ് ഇന്ത്യയെ 190 റണ്‍സിലെത്തിക്കുകയായിരുന്നു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സെടുത്തു. അശ്വിന്‍ 10 പന്തില്‍ 13* റണ്‍സും. ഡികെ-അശ്വിന്‍ സഖ്യം പുറത്താകാതെ നേടിയ 52 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. 

സഞ്ജു സാംസണ്‍ ഉള്ളപ്പോള്‍ ശ്രേയസ് അയ്യരെ എന്തിന് കളിപ്പിക്കുന്നു; ചോദ്യശരവുമായി വെങ്കടേഷ് പ്രസാദ്
 

Latest Videos
Follow Us:
Download App:
  • android
  • ios