
മുംബൈ: ഇന്ത്യൻ പേസ് പടയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ നിരന്തര പരിക്കുകൾ ടീം മാനേജ്‌മെന്‍റിന് വലിയ തലവേദനയാകുമ്പോഴും മറ്റൊരു പേസറായ മുഹമ്മദ് ഷമിയെ പൂര്‍ണമായും അവഗണിച്ച് സെലക്ഷൻ കമ്മിറ്റി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടിയെങ്കിലും, പരിക്ക് പൂർണ്ണമായി മാറാത്തതിനെ തുടർന്ന് ബുംറയെ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നിരുന്നു. തുടർന്നാണ് ജമ്മു കശ്മീർ പേസർ ആഖിബ് നബിയെ ബുംറയ്ക്ക് പകരക്കാരനായി ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ രഞ്ജി സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ ആഖിബ് നബിയുടേത് അര്‍ഹിച്ച സെലക്ഷനാണെങ്കിലും ഈ നീക്കം മുഹമ്മദ് ഷമിയുടെ ടെസ്റ്റ് കരിയറിനെക്കുറിച്ച് തന്നെ വലിയ ചോദ്യമാണ് ഉയർത്തുന്നത്. 2023-നു ശേഷം ഷമി ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ല. പരിക്ക് മൂലമാണ് ടീമിന് പുറത്തായതെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീനിയർ ടീമിലേക്ക് ഷമിയെ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിട്ടില്ല. നീണ്ട ഫോർമാറ്റുകൾ കളിക്കാനുള്ള ശാരീരികക്ഷമത ഷമിക്കില്ലെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ പറയുന്നതെങ്കിലും അവസാനമായി കളിച്ച രഞ്ജി ട്രോഫി മത്സരങ്ങളിലെ ഷമി മികവ് കാട്ടിയിരുന്നു. എന്നാല്‍ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ പേരില്‍ അഗാര്‍ക്കര്‍ക്കും സെലക്ഷൻ കമ്മറ്റിക്കുമെതിരെ നടത്തിയ ചില വിവാദ പരാമര്‍ശങ്ങളാണ് ഷമിയെ പുറത്തുനിര്‍ത്താന്‍ കാരണമെന്നാണ് കരുതുന്നത്.
ദുലീപ് ട്രോഫി പോലെ അടക്കമുള്ള ആഭ്യന്തര ടൂർണമെന്‍റകളിൽ യുവതാരങ്ങളെ മറികടക്കുന്ന മികച്ച പ്രകടനവും നൂറുശതമാനം ഫിറ്റ്നസും തെളിയിച്ചാൽ മാത്രമേ ഷമിയെ ഇനി ഇന്ത്യൻ ടീമിലേക്ക് പരഗിണിക്കാനിടയുള്ളു. അടുത്ത വര്‍ഷം ദക്ഷിണിഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടുക എന്നതും ഷമിയെ സംബന്ധിച്ചിടത്തോളം വിദൂര സാധ്യത മാത്രമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഗുര്‍നൂര്‍ ബ്രാറിനെയും പ്രിന്‍സ് യാദവിനെയും പോലുള്ള യുവതരാങ്ങള്‍ക്കാണ് സെലക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കിയത്. ഈ സാഹചര്യത്തില്‍ അഗാര്‍ക്കറുടെ കാലയളവില്‍ 35കാരനായ ഷമിക്ക് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുക ബുദ്ധിമുട്ടായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!