ഇനി കോലിയും രോഹിതുമില്ല; ഗംഭീറിലേക്ക് എത്തുന്നത് മറ്റൊരു പരിശീലകര്‍ക്കും ലഭിക്കാത്ത അധികാരം?

Published : May 13, 2025, 09:41 PM IST
ഇനി കോലിയും രോഹിതുമില്ല; ഗംഭീറിലേക്ക് എത്തുന്നത് മറ്റൊരു പരിശീലകര്‍ക്കും ലഭിക്കാത്ത അധികാരം?

Synopsis

ഇതിഹാസങ്ങളുടെ പടിയിറക്കത്തോടെ തിളക്കം നഷ്ടമായ ഒരു സാധാരണ ടീമായി ഇന്ത്യ മാറുകയാണ്

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തനായ പരിശീലകനെന്ന ടൈറ്റില്‍ ഗൗതം ഗംഭീറിലേക്ക് എത്തുന്നുവോ? ഇതിഹാസ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ വിരമിക്കല്‍ നല്‍കുന്ന സൂചന അതുതന്നെയാണെന്ന് പറയാം. മൂവരുടേയും പടിയിറക്കത്തോടെ തിളക്കം നഷ്ടമായ ഒരു സാധാരണ ടീമായി ഇന്ത്യ മാറുകയാണ്. ഇതോടെ ടീമില്‍ ഗംഭീറിന്റെ സ്വാധീനവും വര്‍ധിച്ചേക്കും. താരപ്രഭയ്ക്കല്ല ടീമിന്റെ പ്രകടനത്തിനാണ് മുൻതൂക്കം നല്‍കേണ്ടതെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഗംഭീര്‍.

യഥാര്‍ത്ഥത്തില്‍ ഗൗതം ഗംഭീ‍ര്‍ യുഗം ആരംഭിക്കുന്നത് ഇപ്പോഴാണ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയ്ക്ക് പുതിയ മുഖങ്ങളെ ആവശ്യമാണെന്ന് ഗംഭീര്‍ നിലപാടെടുത്തിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ ക്രിക്കറ്റില്‍‍ പരിശീലകരേക്കാള്‍ സ്വാധീനം എപ്പോഴും ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്നവ‍ര്‍ക്കും മുതിര്‍ന്ന താരങ്ങള്‍ക്കുമാണെന്ന് അഭ്യൂഹങ്ങള്‍ എല്ലാ കാലത്തും നിലനിന്നിട്ടുണ്ട്.

സൗരവ് ഗാംഗുലി, എം എസ് ധോണി, വിരാട് കോലി, രോഹിത് ശ‍‍ര്‍മ എന്നിവരുടെ കാര്യത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല. പക്ഷേ, ഇനി ഗംഭീറിലേക്ക് ആ ഉത്തരവാദിത്തം എത്തിയേക്കും. രോഹിത്-ദ്രാവിഡ് കാലഘട്ടം ഇന്ത്യയ്ക്ക് ലോകക്രിക്കറ്റില്‍ ആധിപത്യം സമ്മാനിച്ചതായിരുന്നെങ്കില്‍ രോഹിത്-ഗംഭീര്‍ കാലം തിരിച്ചടികളുടേത് കൂടിയായിരുന്നു.

ആധിപത്യം കയ്യിലേക്ക് എത്തുമ്പോഴും ഗംഭീറിന് മുന്നില്‍ വെല്ലുവിളികളും ഏറെയാണ്. കഴിഞ്ഞ രണ്ട് ടെസ്റ്റ് സീരീസുകളിലെ പ്രകടനങ്ങളും ഇന്ത്യയ്ക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു. അതുകൊണ്ട് ഇംഗ്ലണ്ട് പര്യടനം ഏറെ നിര്‍ണായകമാകും. ശുഭ്‌മാൻ ഗില്‍ നായകസ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെങ്കില്‍ മറ്റൊരു പ്രതിസന്ധികൂടിയാകും. നായകപദവി, ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡില്ലാത്ത താരം എന്നിവ ഗില്ലിനെ സമ്മ‍ര്‍ദത്തിലാക്കാനും സാധ്യതയുണ്ട്.

ജസ്പ്രിത് ബുംറയും രവീന്ദ്ര ജഡേജയും മാത്രമാണ് അവശേഷിക്കുന്ന സീനിയ‍‍ര്‍ താരങ്ങള്‍. നായകസ്ഥാനം ബുംറയിലേക്ക് എത്താനുള്ള സാധ്യത വിരളമാണ്. പരുക്കുകള്‍ തന്നെയാണ് ബുംറയ്ക്കുമുള്ള വെല്ലുവിളി. ജഡേജയെ പരിഗണിക്കാനുള്ള സാധ്യതകളും ഇല്ല. അതുകൊണ്ട് ട്വന്റി 20ക്ക് സമാനമായി ടെസ്റ്റിലും ഗംഭീറിന്റെ മേല്‍ക്കൈ ഉണ്ടായേക്കും.

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്