Asianet News MalayalamAsianet News Malayalam

വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജുവും; കെ എല്‍ രാഹുലിനെ ഒഴിവാക്കി

ഏകദിന ടീമില്‍ സഞ്ജു കളിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടാനും താരത്തിനായി. മൂന്നാം മത്സരത്തില്‍ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു. സഞ്ജു ഉള്‍പ്പെടെ നാല് വിക്കറ്റ് കീപ്പര്‍മാരാണ് സ്‌ക്വഡിലുള്ളത്.

Sanju Samson added to India T20 Squad vs West Indies
Author
Trinidad and Tobago, First Published Jul 29, 2022, 11:35 AM IST

ട്രിനിഡാഡ്: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ (Sanju Samson) വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്തകള്‍. കെ എല്‍ രാഹുലിന് (KL Rahul) പകരമാണ് സഞ്ജു ടീമിലെത്തിയത്. രാഹുല്‍ കൊവിഡില്‍ നിന്ന് മുക്തനായെങ്കിലും ബിസിസിഐ (BCCI) ഒരു ആഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു. ബിസിസിഐ വെബ്‌സൈറ്റില്‍ പുറത്തുവിട്ട സ്‌ക്വാഡില്‍ സഞ്ജുവിന്റെ പേരുമുണ്ട്. എന്നാല്‍ രാഹുലിനെ ഒഴവാക്കിയതായും കാണാം. 

നേരത്തെ, ഏകദിന ടീമില്‍ സഞ്ജു കളിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടാനും താരത്തിനായി. മൂന്നാം മത്സരത്തില്‍ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു. സഞ്ജു ഉള്‍പ്പെടെ നാല് വിക്കറ്റ് കീപ്പര്‍മാരാണ് സ്‌ക്വഡിലുള്ളത്. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മറ്റുവിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ പന്തിന് ടീമില്‍ സ്ഥാനമുറപ്പാണ്. സഞ്ജുവിന് അവസരം ലഭിക്കുമോ എന്നുള്ളതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 

ഏകദിനത്തില്‍ അവസരം ലഭിക്കാതിരുന്ന ഇഷാനെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗില്‍ പരീക്ഷിക്കാനാണ് സാധ്യത. ഇടങ്കയ്യനെന്നുള്ളതും ഇഷാന് ഗുണം ചെയ്യും. അതുമല്ലെങ്കില്‍ പന്ത് ഓപ്പണറായെത്തിയേക്കും. അപ്പോള്‍ ഇഷാന് സ്ഥാനം നഷ്ടമാവുകയും ചെയ്യും. എങ്ങനെ വന്നാലും സഞ്ജു കളിക്കാന്‍ സാധ്യത കുറവാണ്. അല്ലെങ്കില്‍ ദിനേശ് കാര്‍ത്തികിനെ പുറത്തിരുത്തേണ്ടി വരും. അതിന് ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്ന് കണ്ടറിയണം.

ഇന്ത്യ: രോഹിത് ശര്‍മ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ/ ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

ഇന്നാണ് വിന്‍ഡീസിനെതിരായ ആദ്യ ടി20. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്. അവസാന രണ്ട് ടി20 മത്സരങ്ങളില്‍ രാഹുലിന് കളിക്കാനാവുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ പരമ്പര മൊത്തത്തില്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇനി സിംബാബ്വെ പര്യടനത്തിലായിരിക്കും രാഹുല്‍ തിരിച്ചെത്തുക.
 

Follow Us:
Download App:
  • android
  • ios