ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും രോഹിത്തും കോലിയും കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. ഏകദിന പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ ന്യൂസിലന്‍ഡിനെിരായ ടി20 പരമ്പരയിലാണ് കളിക്കുക.
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ കളിക്കുന്ന വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഇനി എപ്പോഴാണ് ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കാണാനാവുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്‍ഡോറില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞാല്‍ ഇന്ത്യക്ക് സമീപകാലത്തൊന്നും ഏകദിന പരമ്പരകളില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും രോഹിത്തും കോലിയും കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. ഏകദിന പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ ന്യൂസിലന്‍ഡിനെിരായ ടി20 പരമ്പരയിലാണ് കളിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കഴിഞ്ഞാൽ പിന്നെ ഇന്ത്യ ഫെബ്രുവരി ഏഴ് മുതല്‍ ടി20 ലോകകപ്പില്‍ കളിക്കും. ഒരു മാസത്തിലധികം നീളുന്ന ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ. ടി20 ലോകകപ്പിനും ഐപിഎല്ലിനും ഇടയില്‍ ദിവസങ്ങളുടെ ഇടവേള മാത്രമാണുള്ളത്.
അതുകൊണ്ട് തന്നെ ഇതിനിടയില്‍ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളൊന്നുമില്ല. രണ്ടര മാസം നീണ്ടു നില്‍ക്കുന്ന ഐപിഎല്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം ജൂണിലാണ് ഇന്ത്യക്ക് ഇനി ഏകദിന പരമ്പരയുള്ളത്. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുണ്ടാകുക. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന കോലിയും രോഹിത്തും അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയോടെയാകും ഇതിനുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുക.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലി 93 റണ്‍സ് അടിച്ച് തിളങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങളിലും ലഭിച്ച നല്ല തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റാന്‍ രോഹിത്തിനായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇന്‍ഡോറില്‍ മികച്ച സ്കോര്‍ നേടി സീസണ്‍ അവസാനിപ്പിക്കാനാവും ഇരുവരും ശ്രമിക്കുക.


