ഏകദിന ലോകകപ്പ് മിന്നും, വന്‍ നീക്കവുമായി ബിസിസിഐ; വേദികള്‍ പ്രഖ്യാപിക്കുന്ന സമയവും തീരുമാനിച്ചു

By Web TeamFirst Published May 27, 2023, 8:54 PM IST
Highlights

ഇന്ത്യയിലെ പല സ്റ്റേഡിയങ്ങളിലെയും സൗകര്യങ്ങളുടെ കാര്യത്തില്‍ ആരാധകരുടെ ഭാഗത്ത് നിന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി കടുത്ത വിമര്‍ശനമുണ്ട്

അഹമ്മദാബാദ്: ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ സ്റ്റേഡിയങ്ങളും മത്സരക്രമവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ പ്രഖ്യാപിക്കും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ലോകകപ്പിന് വേദിയാവുന്നത്. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ലോകകപ്പിന് മുമ്പ് വേദികള്‍ പുതുക്കി പണിയുന്നതും അതിനുള്ള തുക അനുവദിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളിലാണ് ബിസിസിഐ. ഇതിനായി ഒരു പ്രത്യേക സമിതിയെ മേല്‍നോട്ടത്തിനായി നിയമിക്കും. ഈ കമ്മിറ്റിയുടെ പ്രഖ്യാപനം ഐപിഎല്‍ ഫൈനലിന് ശേഷമുണ്ടായേക്കും. അഹമ്മദാബാദില്‍ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിന്‍റേതാണ് ഈ തീരുമാനങ്ങള്‍.  

ഇന്ത്യയിലെ പല സ്റ്റേഡിയങ്ങളിലെയും സൗകര്യങ്ങളുടെ കാര്യത്തില്‍ ആരാധകരുടെ ഭാഗത്ത് നിന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി കടുത്ത വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തില്‍  സ്റ്റേഡിയങ്ങള്‍ ലോകകപ്പിന് മുമ്പ് മോടി പിടിപ്പിക്കേണ്ടത് ബിസിസിഐക്ക് അനിവാര്യമാണ്. ഇതിനാല്‍ ഓരോ വേദികളുടേയും ചുമതല ബിസിസിഐ ഭാരവാഹികള്‍ക്ക് പ്രത്യേകം ഏല്‍പിക്കാനാണ് ആലോചന. രാജ്യത്തെ എല്ലാ പ്രധാന മെട്രോ നഗരങ്ങളും ലോകകപ്പ് വേദിയായുണ്ടാകും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിന് ശേഷമേ ഉണ്ടാവൂ എന്ന് എസിസി പ്രസിഡന്‍റ് കൂടിയായ ജയ് ഷാ വ്യക്തമാക്കി. ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്‍റ് നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നുണ്ടെങ്കിലും ബിസിസിഐ ഇതിന് അനുകൂല നിലപാട് എടുത്തിട്ടില്ല. പാക്കിസ്ഥാനില്‍ കളിക്കാനില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്പക്ഷ വേദിയില്‍ നടത്താനും മറ്റ് ടീമുകളുടെ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്താനുമുള്ള നിര്‍ദേശം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. സെപ്റ്റംബറില്‍ ഏഷ്യാ കപ്പ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.  

Read more: ഏഷ്യാ കപ്പ്: പാക്കിസ്ഥാന്‍റെ ഹൈബ്രിഡ് മോഡല്‍ തള്ളി; ഐപിഎല്‍ ഫൈനലിനിടെ നിര്‍ണായക നീക്കത്തിന് ബിസിസിഐ

click me!