അവിടെയൊന്നും ജയിക്കാതെ ടെസ്റ്റില്‍ ഇന്ത്യ എങ്ങനെ ഒന്നാം നമ്പറാവും: ചോദ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

By Web TeamFirst Published Mar 27, 2020, 5:02 PM IST
Highlights

ഇന്ത്യയില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് എല്ലാ ടീമുകള്‍ക്കും അറിയാം. എന്നാല്‍ അതു മാത്രം പോരാ. വിദേശത്തും തുടര്‍ച്ചയായി പരമ്പരകള്‍ ജയിക്കാന്‍ ഇന്ത്യക്കാവണം. എങ്കില്‍ മാത്രമെ ഒന്നാം റാങ്കിന് അര്‍ഹരാണെന്ന് മറ്റ് ടീമുകളെ ബോധ്യപ്പെടുത്താനാവു-ജാഫര്‍ പറഞ്ഞു. 

മുംബൈ: ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്കിനെക്കുറിച്ച്  സംശങ്ങളുന്നയിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഓപ്പണിംഗ് ഇതിഹാസവുമായ വസീം ജാഫര്‍. ന്യൂസിലന്‍ഡ് പര്യടനത്തില്‍ എല്ലാ മേഖലയിലും മികച്ച താരങ്ങളുണ്ടായിട്ടും ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യസമ്പൂര്‍ണ തോല്‍വി വഴങ്ങിയത് തീര്‍ത്തും നിരാശാജനകമാണെന്ന് വസീം ജാഫര്‍ ഇന്ത്യാ ടുഡേയോട് പഞ്ഞു. 

ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി ഒരിക്കലും ഇന്ത്യയുടെ ഒന്നാം റാങ്കിനെ സാധൂകരീക്കുന്നില്ലെന്ന് ജാഫര്‍ പറഞ്ഞു. ഒന്നാം റാങ്കിലുള്ള ഒരു ടീമിന് ഇത്തരത്തില്‍ തോല്‍ക്കാനാവില്ല. ഓസ്ട്രേലിയയെയും വെസ്റ്റ് ഇന്‍ഡീസിനെയും പോലെ മഹത്തായ ടീമാവണമെങ്കില്‍ ഇന്ത്യക്ക് പുറത്തും ജയിക്കാന്‍ ടീമിനാവണം. ഇന്ത്യക്ക് പുറത്തും തിളങ്ങാനുള്ള പ്രതിഭ ഈ ടീമിനുണ്ട്. ഓസ്ട്രേലിയയില്‍ പരമ്പര ജയിക്കാന്‍ ഇന്ത്യക്കായി. പക്ഷെ എന്തുകൊണ്ടോ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, എന്നീ രാജ്യങ്ങളില്‍ തിളങ്ങാന്‍ ഇന്ത്യക്കാവുന്നില്ല. ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും മഹത്തായ ടീമായത് വിദേശത്തും തുടര്‍ച്ചയായി ജയങ്ങള്‍ നേടിയിട്ടാണ്. 

ഇന്ത്യയില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് എല്ലാ ടീമുകള്‍ക്കും അറിയാം. എന്നാല്‍ അതു മാത്രം പോരാ. വിദേശത്തും തുടര്‍ച്ചയായി പരമ്പരകള്‍ ജയിക്കാന്‍ ഇന്ത്യക്കാവണം. എങ്കില്‍ മാത്രമെ ഒന്നാം റാങ്കിന് അര്‍ഹരാണെന്ന് മറ്റ് ടീമുകളെ ബോധ്യപ്പെടുത്താനാവു-ജാഫര്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് ഒരു കളിക്കാരന് ഒരു ഫോര്‍മാറ്റില്‍ മാത്രം സ്പെഷലിസ്റ്റ് ആയി ഇരിക്കാനാവില്ല. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയേ മതിയാവു. 

കാരണം ടെസ്റ്റില്‍ മാത്രം സ്പെഷലിസ്റ്റായാല്‍ ഒരു വര്‍ഷം പരമാവധി 10 രാജ്യാന്തര മത്സരങ്ങള്‍ മാത്രമെ കളിക്കാനാവു. ഒരു കളിക്കാരനെ അടയാളപ്പെടുത്താന്‍ അത് മതിയാവില്ല. കോലിയെയും വില്യാംസണെയും സ്മിത്തിനെയും ബാബര്‍ അസമിനെയും പോലെ ലോകോത്തര കളിക്കാരനാവണമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ തിളങ്ങണമെന്നും ജാഫര്‍ പറഞ്ഞു.

click me!