ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഷമിക്കരുത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു, പ്രതിരോധിച്ച് വില്യംസണ്‍

By Web TeamFirst Published Jun 22, 2021, 6:06 PM IST
Highlights

റോസ് ടെയ്‌ലര്‍, ഹെന്‍‌റി നിക്കോള്‍സ്, ബി ജെ വാട്‌ലിംഗ് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ന് ഇന്ത്യക്ക് വീഴ്‌ത്താനായി

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മഴപ്പെയ്‌ത്തില്‍ വൈകിത്തുടങ്ങിയ അഞ്ചാം ദിനം ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ പിടിമുറുക്കുന്നു. രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 101 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കിവികള്‍ ആദ്യ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ 72 ഓവറില്‍ 135/5  എന്ന നിലയിലാണ്. റോസ് ടെയ്‌ലര്‍, ഹെന്‍‌റി നിക്കോള്‍സ്, ബി ജെ വാട്‌ലിംഗ് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ന് ഇന്ത്യക്ക് വീഴ്‌ത്താനായി.

കളി മാറ്റി ഷമി

ഇന്ന് കിവികള്‍ കളിയാരംഭിക്കുമ്പോള്‍ നായകന്‍ കെയ്ൻ വില്യംസണും(12*), റോസ് ടെയ്‍ലറുമായിരുന്നു(0*) ക്രീസില്‍. 37 ബോളുകള്‍ നേരിട്ട് 11 റണ്‍സ് മാത്രം കുറിച്ച ടെയ്‌ലറെ മുഹമ്മദ് ഷമി ഗില്ലിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തിരിച്ചുവന്നു. ഹെന്‍‌റി നിക്കോള്‍സ് 23 പന്ത് നേരിട്ട്  7 റണ്‍സുമായി രണ്ടാം സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തി. ഇഷാന്ത് ശര്‍മ്മയ്‌ക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ബി ജെ വാട്‌ലിംഗിനെയും കാലുറപ്പിക്കാന്‍ ഷമി സമ്മതിച്ചില്ല. ഒന്നാന്തരമൊരു ഗുഡ് ലെങ്ത് പന്ത് മിഡില്‍ സ്റ്റംപ് പിഴുതു. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സമ്പാദ്യം. 

മികച്ച തുടക്കത്തിന് ശേഷം ടോം ലാഥം(30), ദേവോണ്‍ കോണ്‍വേ(54) എന്നിവരെ കിവികള്‍ക്ക് നേരത്തെ നഷ്‌ടമായിരുന്നു. കെയ്‌ന്‍ വില്യംസണിനൊപ്പം(112 പന്തില്‍ 19*), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ്(4 പന്തില്‍ 0*) ക്രീസില്‍. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സില്‍ പുറത്തായിരുന്നു. 22 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ കെയ്‌ല്‍ ജാമീസണാണ് ഇന്ത്യയെ തകര്‍ത്തത്. രോഹിത് ശര്‍മ്മ(34), ശുഭ്‌മാന്‍ ഗില്‍(28), ചേതേശ്വര്‍ പൂജാര(8), വിരാട് കോലി(44), അജിങ്ക്യ രഹാനെ(49), റിഷഭ് പന്ത്(4), രവീന്ദ്ര ജഡേജ(15), രവിചന്ദ്ര അശ്വിന്‍(22), ഇഷാന്ത് ശര്‍മ്മ(4), ജസ്‌പ്രീത് ബുമ്ര(0), മുഹമ്മദ് ഷമി(4) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 

ജാമീസണിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പുറമെ ട്രെന്‍ഡ് ബോള്‍ട്ടും നീല്‍ വാഗ്‌നറും രണ്ട് പേരെ വീതവും ടിം സൗത്തി ഒരാളെയും പുറത്താക്കി. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: സമനിലയായാല്‍ വിജയിയെ കണ്ടെത്താന്‍ ഐസിസി വഴി കാണണമെന്ന് ഗാവസ്‌കര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!