ഇത് കടുക്കും; ക്രീസില്‍ കാലുറയ്‌ക്കാന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് ശാസ്‌ത്രിയുടെ അഗ്നിപരീക്ഷ

By Web TeamFirst Published May 22, 2021, 10:23 AM IST
Highlights

പിച്ചിന്റെ നീളം വെട്ടിക്കുറച്ച് പരിശീലനം. ഉപയോഗിക്കുന്ന പന്തിലും പരീക്ഷണങ്ങള്‍. ബാറ്റ്സ്‌മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. 

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് പ്രത്യേക പരിശീലന പദ്ധതിയുമായി കോച്ച് രവി ശാസ്‌ത്രി. ക്രീസിൽ കൂടുതൽ നേരം ചെലവഴിക്കാൻ ബാറ്റ്സ്‌മാൻമാരെ പ്രാപ്തരാക്കാനാണ് പ്രത്യേക പരിശീലനം.

ട്രെന്റ് ബോൾട്ട് അടക്കമുള്ള ന്യൂസിലൻഡ് പേസർമാരെ സതാംപ്‌ടണിലെ വിക്കറ്റിൽ നേരിടുക ഇന്ത്യക്ക് അത്ര എളുപ്പമല്ല. ക്യാപ്റ്റൻ വിരാട് കോലിക്ക് അവസാന 13 ഇന്നിംഗ്സിലും സെഞ്ചുറിയില്ല. ശുഭ്മാൻ ഗിൽ ഇതുവരെ സെഞ്ചുറിയിലേക്ക് എത്തിയിട്ടില്ല. രോഹിത് ശർമ്മയും അജിങ്ക്യ രഹാനെയും സ്ഥിരതയുടെ കാര്യത്തിൽ പിന്നിൽ. ഈ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രി ബാറ്റ്സ്‌മാൻമാർക്ക് പ്രത്യേക പരിശീലന തന്ത്രങ്ങൾ ഒരുക്കുന്നത്. 

ഏറെ നേരം ക്രീസിൽ ചെലവഴിക്കുകയും കൂറ്റൻ ഇന്നിംഗ്സുകൾ പടുത്തുയർത്തുകയും വേണം. ഇതിനായി പിച്ചിന്റെ നീളം കുറച്ചായിരിക്കും ബാറ്റ്സ്‌മാൻമാരുടെ പരിശീലനം. നെറ്റ്സിൽ പിച്ചിന്റെ നീളം 22 യാർഡിൽ നിന്ന് 16ലേക്ക് ചുരുക്കും. പന്തിന്റെ ലെങ്ത് പെട്ടെന്ന് മനസിലാക്കാനും ഇതിനനുസരിച്ച് പ്രതികരിക്കാനുമാണിത്. പന്തിന്റെ ഒരു ഭാഗത്തിന് മാത്രം തിളക്കം കൂട്ടിയാവും ബൗളർമാർ പന്തെറിയുക. ഏതൊക്കെ പന്ത് കളിക്കണം ലീവ് ചെയ്യണം എന്ന കാര്യത്തിലും ഇതിനൊപ്പം പരിശീലനം നൽകും. 

ശാസ്‌ത്രിയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോറും ചേർന്നാണ് പ്രത്യേക ബാറ്റിംഗ് പരിശീലന പദ്ധതി തയ്യാറാക്കുന്നത്. മുംബൈയിൽ ക്വാറന്റീനിലുള്ള താരങ്ങൾ ജൂൺ രണ്ടിനാണ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ജൂൺ പതിനെട്ടിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങുന്നത്. 

പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; ഐപിഎല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ബിസിസിഐ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!