മുംബൈ: കഴിഞ്ഞ ദിവസങ്ങളിലാണ് നിര്‍ത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുമെന്ന വാര്‍ത്തകള്‍ വന്നത്. സെപ്റ്റംബറില്‍ നടക്കുമെന്നായിരുന്നു വാര്‍ത്തിയിലുണ്ടായിരുന്നത്. നടത്തിപ്പിനായി ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മാറ്റം വരുത്തുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങളിലുണ്ടായിരുന്നു. പരമ്പരയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്ന ബിസിസിഐയുടെ ആവശ്യം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അംഗീകരിച്ചതായും മാധ്യമങ്ങള്‍ എഴുതിച്ചേര്‍ത്തു.

ബിസിസിഐ നല്‍കിയ അപേക്ഷ പ്രകാരം ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മാറ്റണമെന്നായിരുന്നു നിര്‍ദേശം. നാലാം ടെസ്റ്റിന് ശേഷം ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കും. പിന്നാലെ ഐപിഎല്ലിന് ശേഷം, ഒക്ടോബര്‍ ഏഴിന് അവസാന ടെസ്റ്റും കളിക്കും.

 

എന്നാലിപ്പോള്‍ വാര്‍ത്തകളെല്ലാം നിഷേധിച്ചിരിക്കുകയാണ് ബിസിസിഐ. നേരത്തെ ഇസിബിയും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും ബിസിസിയില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്ന് ഇസിബി വ്യക്തമാക്കിയിരുന്നു. 

പ്രചരിക്കുന്നത് ഇല്ലാകഥങ്ങളാണെന്ന് ബിസിസിഐ വക്തമാവ് വ്യക്തമാക്കി. ''ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഷെഡ്യൂളില്‍ ഒരു മാറ്റവും വരുത്തില്ല. അത്തരത്തില്‍ ഒരു ഔദ്യോഗിക കരാറിലും ബിസിസിഐ ഒപ്പുവച്ചിട്ടില്ല. ഒരു തീരുമാനവും ഇക്കാര്യത്തില്‍ എടുത്തിട്ടില്ല. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണ്. അതില്‍ ഒരു മാറ്റവും വരുത്താന്‍ ഈ സമയത്താവില്ല.'' ബിസിസിഐ വ്യക്തമാക്കി.

കൊവിഡ് കേസുകളില്‍ കുറവുണ്ടായാല്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്നും അതുമല്ലെങ്കില്‍ യുഎഇയിലേക്ക് മാറ്റുമെന്നും ബിസിസിഐ വ്യക്തമാക്കി.