ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്ഥാനം

By Web TeamFirst Published Mar 2, 2020, 8:53 PM IST
Highlights

146 പോയന്റുള്ള ഇംഗ്ലണ്ട് നാലാമതും 140 പോയന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതും 80 പോയന്റുള്ള ശ്രീലങ്ക ആറാമതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷം പരിതാപകരമായ പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്ക 24 പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. ഒമ്പത് ടെസ്റ്റില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ 360 പോയന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 296 പോയന്റുമായി ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്.

ഇന്ത്യക്കെതിരായ പരമ്പര തൂത്തൂവാരിയതോടെ 180 പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് 60 പോയന്റുമായി ആറാം സ്ഥാനത്തായിരുന്നു കിവീസ്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റും തൂത്തുവാരിയതോടെ 120 പോയന്റാണ് കിവീസ് പോക്കറ്റിലാക്കിയത്. പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും മറികടന്നാണ് കീവീസ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

146 പോയന്റുള്ള ഇംഗ്ലണ്ട് നാലാമതും 140 പോയന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതും 80 പോയന്റുള്ള ശ്രീലങ്ക ആറാമതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷം പരിതാപകരമായ പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്ക 24 പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ ഇതുവരെ ഒരു പോയന്റും നേടാത്ത വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് സമ്പ്രദായം അനുസരിച്ച് ഒരു പരമ്പരയില്‍ ഒരു ടീമിന് പരമാവധി നേടാനാവുക 120 പോയന്റാണ്. രണ്ട് മത്സര പരമ്പരയാണെങ്കില്‍ ഓരോ വിജയത്തിനും 60 പോയന്റും അഞ്ച് മത്സര പരമ്പര ആമെങ്കില്‍ ഓരോ വിജയത്തിനും 24 പോയന്റുമാണ് ലഭിക്കുക.

click me!