ഓപ്പണറും നായകനുമായ തമീം ഇക്‌ബാലിനെ വ്യക്തിഗത സ്കോര്‍ 23ല്‍ക്കേ നഷ്‌ടമായിരുന്നു

സിൽഹെറ്റ്: അയര്‍ലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ റെക്കോര്‍ഡ് സ്കോറുമായി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് മുഷ്‌ഫീഖുര്‍ റഹീമിന്‍റെ അതിവേഗ സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സെടുത്തു. ഏകദിനത്തില്‍ ബംഗ്ലാദേശിന്‍റെ ഉയര്‍ന്ന ടീം ടോട്ടലാണിത്. സിൽഹെറ്റിലെ ആദ്യ ഏകദിനത്തില്‍ കുറിച്ച 338 റണ്‍സിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 60 പന്തില്‍ 100 റണ്ണുമായി മുഷ്‌ഫീഖുര്‍ തകര്‍ത്തുകളിച്ചു. 

ഓപ്പണറും നായകനുമായ തമീം ഇക്‌ബാലിനെ വ്യക്തിഗത സ്കോര്‍ 23ല്‍ക്കേ നഷ്‌ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 101 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ലിറ്റണ്‍ ദാസും നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയും ബംഗ്ലാദേശിന് അടിത്തറയിട്ടു. ലിറ്റണ്‍ 71 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറുമായി 70 ഉം ഷാന്‍റോ 77 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമായി 73 ഉം റണ്‍സ് അടിച്ചെടുത്തു. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ഷാക്കിബ് അല്‍ ഹസന് ഫോം ആവര്‍ത്തിക്കാനായില്ല. 19 പന്തില്‍ 17 റണ്‍സേ ഷാക്കിബ് നേടിയുള്ളൂ. ഷാന്‍റോ മടങ്ങുമ്പോള്‍ ബംഗ്ലാ സ്കോര്‍ 33.2 ഓവറില്‍ 190ല്‍ എത്തിയിരുന്നു.

ഇതിന് ശേഷം തൗഹിദ് ഹ്രിദോയി 34 പന്തില്‍ വേഗം 49 റണ്‍സ് നേടി. യാസി അലി ഏഴ് പന്തില്‍ 7 റണ്‍സുമായി മടങ്ങിയപ്പോള്‍ ആറാമനായി ക്രീസിലെത്തിയ മുഷ്‌ഫീഖുര്‍ റഹീം 60 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതം 100 റണ്‍സുമായി പുറത്താവാതെ നിന്നു. ടസ്‌കിന്‍ അഹമ്മദാണ്(1*) പുറത്താവാതെ നിന്ന മറ്റൊരു താരം. ബംഗ്ലാദേശിനായി മുഷ്‌ഫീഖുറിന്‍റെ 9-ാം ഏകദിന ശതകമാണിത്. 7000 ഏകദിന റണ്‍സ് തികച്ചതിനൊപ്പം ഒരു ബംഗ്ലാ താരത്തിന്‍റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍‍ഡും മുഷ്‌ഫീഖുര്‍ സ്വന്തമാക്കി. മുമ്പ് 63 പന്തില്‍ മൂന്നക്കം നേടിയ ഷാക്കിബിന്‍റെ റെക്കോര്‍ഡാണ് തകര്‍ന്നത്. 

ഗ്രേറ്റ് ഗ്രേസ് ഹാരിസ് ഫിഫ്റ്റി; ഗുജറാത്തിനെ മലര്‍ത്തിയടിച്ച് യുപി പ്ലേ ഓഫില്‍