
കൊച്ചി: വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ വിലകൂടിയ താരമായി ഓസ്ട്രേലിയൻ താരം സോഫി മൊളിനക്സ്. 1.10 കോടി രൂപ നൽകി യുപി വാരിയേഴ്സാണ് ഇടങ്കയ്യൻ സ്പിന്നറായ മൊളിനക്സിനെ സ്വന്തമാക്കിയത്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാന്നിംഗ് നയിക്കുന്ന വാരിയേഴ്സ് നിരയിലേക്ക് മൊളിനക്സ് കൂടിയെത്തുന്നതോടെ ടീം കൂടുതല്‍ ശക്തമാകും. 2024-ൽ ആർ.സി.ബി കിരീടം നേടുമ്പോൾ നിർണായക പങ്കുവഹിച്ച മൊളിനക്സ്, പരിക്കുമൂലം 2026 സീസണിൽ കളിച്ചിരുന്നില്ല.
ഓസ്ട്രേലിയൻ താരം ഗ്രേസ് ഹാരിസിനെ 30 ലക്ഷം രൂപയ്ക്കാണ് യു പി വാരിയേഴ്സ് ടീമിലെത്തിച്ചത്. മലയാളി താരം ആശ ശോഭന 30 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സിലേക്ക് മടങ്ങിയെത്തി. ലേലത്തിലെ രണ്ടാമത്തെ ഉയർന്ന തുക നേടിയത് ഇന്ത്യൻ ബാറ്റർ കിരൺ നവ്ഗിരെയാണ്. സീനിയർ ടി20 ട്രോഫിയിൽ 36 പന്തിൽ പുറത്താകാതെ 105 റൺസ് നേടി അതിവേഗ ടി20 സെഞ്ചുറി കുറിച്ച കിരണിനെ 75 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഷെഫാലി വർമ്മയ്ക്കൊപ്പം ഡൽഹിയുടെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്തേകാൻ കിരണിന്‍റെ വരവോടെ സാധിക്കും.
വിക്കറ്റ് കീപ്പർ ബാറ്റർ ജി. കമാലിനിയെ 40 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്‍റ്സ് സ്വന്തമാക്കി. അലയൻസ് ഓൾറൗണ്ടർ ഓർല പ്രെൻഡർഗാസ്റ്റിനെ (30 ലക്ഷം രൂപ) ഒപ്പം കൂട്ടിയതോടെ ഡബ്ല്യു.പി.എല്ലിൽ കളിക്കുന്ന ആദ്യ അയർലൻഡ് താരമായി ഓർല മാറി. സ്കോട്ലൻഡ് ക്യാപ്റ്റൻ കാതറിൻ ബ്രൈസ് (10 ലക്ഷം - യു.പി വാരിയേഴ്സ്), ലെഫ്റ്റ് ആം സ്പിന്നർ കിർസ്റ്റി ഗോർഡൻ (10 ലക്ഷം - ഡൽഹി ക്യാപിറ്റൽസ്) എന്നിവരും ലേലത്തിൽ ടീമുകളെ കണ്ടെത്തി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഓസ്ട്രേലിയൻ ഓൾറൗണ്ടർ ജെസ് ജോനാസെൻ (40 ലക്ഷം), ദക്ഷിണാഫ്രിക്കൻ താരം ക്ലോ ട്രിയോൺ (30 ലക്ഷം) എന്നിവരെ സ്വന്തമാക്കി. ആഭ്യന്തര താരങ്ങളായ തേജൽ ഹസബ്നിസ് (30 ലക്ഷം), വൃന്ദ ദിനേഷ് (10 ലക്ഷം) എന്നിവരെയും ആർ.സി.ബി ഒപ്പം കൂട്ടി. മുംബൈ ഇന്ത്യൻസ് അൺക്യാപ്പ്ഡ് താരങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. വിദർഭ ബാറ്റർമാരായ ലതിക ഇനാംദാർ, ദിഷ കസാത്ത്, അണ്ടർ 19 താരം സാനിക ചാൽക്കെ, ഡൽഹി ഓൾറൗണ്ടർ ഭാരതി റാവൽ എന്നിവരെ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് മുംബൈ സ്വന്തമാക്കി. കൂടാതെ പഞ്ചാബ് ഓൾറൗണ്ടർ അക്ഷിത ഭാഗതിനെയും (10 ലക്ഷം) ടീമിലെത്തിച്ചു.
ലേല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി 15 കാരിയായ ഉമ കാഷ്‌വി മാറി. കർണാടക ബാറ്ററും ഓഫ് സ്പിന്നറുമായ ഉമയെ 10 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഡൽഹി പ്രീമിയർ ലീഗിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ സമൈറ രാഘവ് (ജി.ജി), ശ്വേത സെഹ്രാവത് (എം.ഐ), നസ്മ ഖാൻ (ഡി.സി) എന്നിവരും വിവിധ ടീമുകളിൽ ഇടം നേടി. യു.പി വാരിയേഴ്സ് ഒഴിവാക്കിയ ലെഗ് സ്പിന്നർ ആശ ശോഭനയെ 30 ലക്ഷം രൂപയ്ക്ക് ടീം തിരികെ വാങ്ങി. സ്പിൻ ഓൾറൗണ്ടർ സ്നേഹ് റാണയും (30 ലക്ഷം) യു.പി നിരയിലെത്തി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ശ്രീലങ്കൻ താരം ചമാരി അത്തപത്തു, ഇംഗ്ലണ്ടിന്‍റെ സോഫിയ ഡങ്ക്ലി എന്നിവർ ലേലത്തിൽ ആരും ടീമിലെടുത്തില്ല. ലേലത്തിൽ ലഭ്യമായിരുന്ന 27 ഒഴിവുകളിൽ 25 എണ്ണവും നികത്തപ്പെട്ടു. ആകെ 73.1 കോടി രൂപയാണ് അഞ്ച് ഫ്രാഞ്ചൈസികളും കൂടി ലേലത്തിൽ ചെലവഴിച്ചത്. 14 അൺക്യാപ്പ്ഡ് താരങ്ങളും 7 വിദേശ താരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!