രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ ബാറ്റിംഗ് ദുരന്തം ആവർത്തിച്ചു. എട്ട് വിക്കറ്റ് 99 റൺസിനിടെയാണ് നഷ്‌ടമായത്.

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യക്ക് തിരിച്ചടിയായത് ബാറ്റ്സ്‌മാൻമാരുടെ മോശം പ്രകടനം. ആദ്യ ഇന്നിംഗ്‌സിൽ 217 റൺസിന് ഇന്ത്യ പുറത്തായപ്പോള്‍ ആർക്കും അർധ സെഞ്ചുറിയിൽ എത്താനായില്ല. 49 റൺസെടുത്ത അജിങ്ക്യ രഹാനെ ആയിരുന്നു ടോപ് സ്‌കോറർ. വിരാട് കോലി(44), രോഹിത് ശര്‍മ്മ(34), ശുഭ്‌മാന്‍ ഗില്‍(28) എന്നിവരാണ് മറ്റുയര്‍ന്ന മൂന്ന് സ്‌കോറുകാര്‍. 

തനിയാവര്‍ത്തനം

രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ ബാറ്റിംഗ് ദുരന്തം ആവർത്തിച്ചു. ഇന്ത്യക്ക് എട്ട് വിക്കറ്റ് 99 റൺസിനിടെ നഷ്‌ടമായി. 41 റൺസെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തായിരുന്നു ടോപ് സ്‌കോറർ. രോഹിത് ശര്‍മ്മ 30 റണ്‍സ് കണ്ടെത്തിയപ്പോള്‍ 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. വിരാട് കോലിയും(13), ചേതേശ്വര്‍ പൂജാരയും(15) കെയ്‌ല്‍ ജാമീസന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്തായതും തിരിച്ചടിയായി.

ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്താണ് പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലൻഡ് ഉയര്‍ത്തിയത്. 139 റൺസ് വിജയലക്ഷ്യം മറികടക്കുന്നതിനിടെ കിവീസിന് നഷ‌്ടമായത് ടോം ലാഥത്തേയും ദേവോണ്‍ കോൺവേയെയും മാത്രം. രണ്ട് വിക്കറ്റും ആര്‍ അശ്വിനായിരുന്നു. ഇന്ത്യൻ വെല്ലുവിളി അടിച്ചകറ്റി പരിചയസമ്പന്നരായ കെയ്‌ന്‍ വില്യംസണും(52*), റോസ് ടെയ്‌ലറും(47*) കിവികളെ ജയത്തിലെത്തിച്ചു. ഏഴ് വിക്കറ്റ് നേടിയ കെയ്ൽ ജാമീസണാണ് ഫൈനലിലെ താരം. 

ന്യൂസിലന്‍ഡ് കപ്പുയര്‍ത്തിയതെങ്ങനെ...വിശദമായി വായിക്കാം

കമ്മിന്‍സിനെ മറികടന്നു; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിക്കറ്റ് നേട്ടക്കാരില്‍ അശ്വിന്‍ ഒന്നാമന്‍

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിലും നന്നായി ബാറ്റ് ചെയ്യാമായിരുന്നു; നിരാശ പ്രകടമാക്കി ഗവാസ്‌കര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona