ഇതില്‍ക്കൂടുതല്‍ എന്തുവേണം, നമുക്കവന്‍ പോരെ അളിയാ...ഫൈനലില്‍ സൂപ്പര്‍താരത്തെ ഒഴിവാക്കരുത് എന്ന് മുന്‍താരം

By Web TeamFirst Published Jun 17, 2021, 3:13 PM IST
Highlights

ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും കൊണ്ട് ജഡേജ ടീമിന് മുതല്‍ക്കൂട്ടാണെന്നും ഫൈനലില്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനുണ്ടെന്നും അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. 

സതാംപ്‌‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ കലാശപ്പോരില്‍ ടീം ഇന്ത്യ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ തഴയരുത് എന്ന് പരിശീലകനും ചീഫ് സെലക്‌ടറുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. ബൗളിംഗും ബാറ്റിംഗും ഫീല്‍ഡിംഗും കൊണ്ട് ജഡേജ ടീമിന് മുതല്‍ക്കൂട്ടാണെന്നും ഫൈനലില്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനുണ്ടെന്നും ഇന്ത്യയുടെ മുന്‍താരം പറഞ്ഞു. 

'ജഡേജയെ ഒരു കാരണവശാലും പുറത്താക്കരുത്. എന്തുകൊണ്ട് ജഡേജ? മൂന്ന് ഡിപ്പാര്‍ട്ട്‌മെന്‍റുകളിലും ഇന്ത്യന്‍ ടീമിന് വലിയ മൂലധനമാണ് അദേഹം. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ മൂന്ന് പേസര്‍മാര്‍ക്ക് കഴിയാത്തത് നാലാമതൊരു വേഗക്കാരന് ചെയ്യാനാകുമെന്ന് തോന്നുന്നില്ല. മൂന്ന് പേര്‍ ധാരാളമാണ്. സ്‌പിന്നറെ ആവശ്യമെങ്കില്‍ രവിചന്ദ്ര അശ്വിനുണ്ട്. അശ്വിന്‍ മികവുറ്റ സ്‌പിന്നറാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ ടീമിലുള്ളപ്പോള്‍ ജഡേജയെ കളിപ്പിക്കണം. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ എത്ര ടീമുകള്‍ക്ക് മികച്ച ഇടംകൈയന്‍ സ്‌പിന്നര്‍മാരെ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇവിടെയൊരാളുണ്ട്. വെറും സ്‌പിന്നര്‍മാര്‍ മാത്രമല്ല, കഴിവ് തെളിയിച്ച ബാറ്റ്സ്‌മാനും ഗംഭീര ഫീല്‍ഡറുമാണ് ജഡേജ. ഇതില്‍ക്കൂടുതല്‍ എന്തുവേണം'. 

മുന്‍തൂക്കം ന്യൂസിലന്‍ഡിന്, ഇന്ത്യയും മോശമല്ല

'ന്യൂസിലന്‍ഡിനെ പോലെ മത്സര പരിചയം ഇന്ത്യക്ക് വേണമായിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കിവികള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുകഴി‌ഞ്ഞു. ആ മുന്‍തൂക്കം അവര്‍ക്കുണ്ടാകും. എന്നാല്‍ അതേസമയം ഇന്ത്യയുടെ സാധ്യതകള്‍ തള്ളിക്കളയുന്നില്ല. ഇംഗ്ലണ്ടില്‍ മുമ്പ് കളിച്ചിട്ടുള്ളതിനാല്‍ താരങ്ങള്‍ക്ക് സാഹചര്യങ്ങള്‍ അറിയാം. എന്നാല്‍ ആത്യന്തികമായി സാഹചര്യങ്ങള്‍ മനസിലാക്കുന്നത് മാത്രമല്ല കാര്യം. ഇംഗ്ലണ്ടില്‍ അവര്‍ ആവശ്യത്തിന് മത്സരം കളിച്ചിട്ടുണ്ട്. 

പ്രധാന താരങ്ങളില്ലാതെ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയിലും വിജയിച്ച രീതി ഇന്ത്യയുടെ റെക്കോര്‍ഡും മനോഭാവവും അറിയിക്കുന്നുണ്ട്. ടീം വളരെ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ അതൊരു അമിത ആത്മവിശ്വാസമായി മാറില്ലെന്ന് പ്രതീക്ഷിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ആദ്യ രണ്ട് ദിനങ്ങള്‍ അതിനിര്‍ണായകമാകും' 

'നിലയുറപ്പിച്ചാല്‍ അപകടകാരി', രോഹിത്തിന് പ്രശംസ

'രോഹിത് ശര്‍മ്മ പ്രത്യേക പ്രതിഭയുള്ള താരമാണ്. ഒരു ടെസ്റ്റാണോ പത്താണോ കളിച്ചത് എന്നത് ചോദ്യമേയല്ല. റണ്‍സ് കണ്ടെത്തിത്തുടങ്ങിയാല്‍ ഏത് ബൗളറെയും കശാപ്പ് ചെയ്യാന്‍ രോഹിത്തിനാകും. അദേഹത്തിന്‍റെ സാങ്കേതിക മികവും ഷോട്ടുകളും ഷോട്ട് സെലക്ഷനും വച്ച് ഏറെനേരെ കളിക്കാനാകും. അത് ഏറെ ബാറ്റ്സ്‌മാന്‍മാര്‍ക്ക് കഴിയുന്ന കാര്യമല്ല. അതൊരു വലിയ മുന്‍തൂക്കമാണ്. ഏകാഗ്രത കൈവരിക്കുകയും നിലയുറപ്പിക്കുകയും മാത്രമാണ് രോഹിത് ചെയ്യേണ്ടത്' എന്നും അന്‍ഷുമാന്‍ ഗെയ്ക്‌വാദ് കൂട്ടിച്ചേര്‍ത്തു. 

ഇംഗ്ലണ്ടില്‍ ഇതിന് മുമ്പ് ഒരു ടെസ്റ്റ് മത്സരം മാത്രമാണ് രോഹിത് ശര്‍മ്മ കളിച്ചിട്ടുള്ളത്. 2014ലായിരുന്നു ആ മത്സരം. അതേസമയം രണ്ട് പര്യടനങ്ങളില്‍ കളിച്ചിട്ടുണ്ട് നായകന്‍ വിരാട് കോലി. കോലിക്ക് 2014ല്‍ 134 റണ്‍സാണ് നേടാന്‍ കഴിഞ്ഞതെങ്കില്‍ 2018ല്‍ 593 റണ്‍സ് അടിച്ചുകൂട്ടാനായി. ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വര്‍ പൂജാരയില്‍ നിന്നും വമ്പന്‍ ഇന്നിംഗ്‌സ് പ്രതീക്ഷിക്കുന്നുണ്ട് ടീം. 

കലാശപ്പോരിന് നാളെ തുടക്കം 

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ നാളെ മുതലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണും നയിക്കും. ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയില്‍ മുട്ടുകുത്തിച്ച് കിവികള്‍ എത്തുമ്പോള്‍ ടീം അംഗങ്ങള്‍ തമ്മിലുള്ള സന്നാഹ മത്സരത്തില്‍ മിന്നിത്തിളങ്ങിയാണ് കോലിപ്പട ഫൈനലിന് കച്ചമുറുക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ് സ്ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, ദേവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മാറ്റ് ഹെന്‍‌റി, കെയ്‌ല്‍ ജാമീസണ്‍, ടോം ലാഥം, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്നര്‍, ബി ജെ വാട്‌ലിങ്, വില്‍ യങ്.  

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയുടെ മൂന്ന് പേസര്‍മാരെ തെരഞ്ഞെടുത്ത് ലക്ഷ്‌മണ്‍

ന്യൂസിലന്‍ഡിന് ടോസ് കിട്ടിയാല്‍ ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പുറത്താക്കുമെന്ന് ഷെയ്ന്‍ ബോണ്ട്

'അവര്‍ പാട്ടുംപാടി ജയിക്കും'; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയികളെ പ്രവചിച്ച് ടിം പെയ്ന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!