Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയുടെ മൂന്ന് പേസര്‍മാരെ തെരഞ്ഞെടുത്ത് ലക്ഷ്‌മണ്‍

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യ എത്ര പേസര്‍മാരെ കളിപ്പിക്കുമെന്നും അവര്‍ ആരൊക്കെയാവും എന്ന ചര്‍ച്ച തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. 

WTC Final 2021 VVS Laxman picks three Indian pacers vs New Zealand
Author
Southampton, First Published Jun 17, 2021, 2:04 PM IST
  • Facebook
  • Twitter
  • Whatsapp

സതാംപ്‌‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോര് തുടങ്ങാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യ എത്ര പേസര്‍മാരെ കളിപ്പിക്കുമെന്നും അവര്‍ ആരൊക്കെയാവും എന്ന ചര്‍ച്ച തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇതിലേക്ക് തന്‍റെ നിര്‍ദേശം വച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്‌മണ്‍. 

ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനംപിടിക്കുമെന്ന് ഉറപ്പാണെന്നിരിക്കേ മൂന്നാം പേസറായി പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ്മ വേണേ അതോ സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തണോ എന്ന ചര്‍ച്ച സജീവമാണ്. ഇക്കാര്യത്തിലും വിവിഎസ് തന്‍റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. 

'ഫൈനലിലെ മൂന്ന് പേസര്‍മാരായി ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര എന്നിവരെ ഞാന്‍ തെര‍ഞ്ഞെടുക്കും. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ പുറത്തെടുത്ത പ്രകടനത്തോടെ സിറാജ് ആത്മവിശ്വാസം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇഷാന്ത് വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന് ചെയ്യുന്ന സംഭാവനകള്‍ അവിശ്വസനീയമാണ്. അതിനിര്‍ണായകമായ കലാശപ്പോരില്‍ ഏറെ പരിചയസമ്പത്ത് ആവശ്യമാണ്. ഇന്ത്യന്‍ ബൗളിംഗ് നിരയ്‌ക്ക് ഇശാന്ത് നല്‍കിയ ദൃഢത അവിസ്‌മരണീയമാണ്' എന്നും വിവിഎസ് ലക്ഷ്‌മണ്‍ കൂട്ടിച്ചേര്‍ത്തു.  

ബൗളിംഗ് നിരയ്‌ക്ക് പ്രശംസ

'ടീം ഇന്ത്യയുടെ പേസ് നിരയില്‍ പരിചയസമ്പത്തും നിലവാരവുമുണ്ട്. അഞ്ച് ബൗളര്‍മാരും മാച്ച് വിന്നര്‍മാരാണ്. ഇതാണ് ഈ ഇന്ത്യന്‍ ടീമിന്‍റെ അനുഗ്രഹം. ബൗളിംഗ് നിര സ്ഥിരതയോടെ മികവ് കാട്ടിയതാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിച്ച ഘടകങ്ങളിലൊന്ന്. വിദേശത്തും ഇന്ത്യയിലും ആ മികവ് കാണാനായി. ഫൈനലില്‍ സ്‌പിന്നര്‍മാരായ രവിന്ദ്ര ജഡേജയെയും രവിചന്ദ്ര അശ്വിനേയും ഞാന്‍ തെരഞ്ഞെടുക്കും. രണ്ടുപേരും ഒരു തലമുറയില്‍ കളിക്കുന്നു എന്നത് ഇന്ത്യക്ക് അനുഗ്രഹമാണ്. വിക്കറ്റെടുക്കുക മാത്രമല്ല, റണ്‍സ് കണ്ടെത്താനും അവര്‍ക്കാകുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അത് നിര്‍ണായകമാകും' എന്നും വിവിഎസ് കൂട്ടിച്ചേര്‍ത്തു. 

കലാശപ്പോരിന് നാളെ തുടക്കം 

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ നാളെ മുതലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണും നയിക്കും. ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയില്‍ മുട്ടുകുത്തിച്ച് കിവികള്‍ എത്തുമ്പോള്‍ ടീം അംഗങ്ങള്‍ തമ്മിലുള്ള സന്നാഹ മത്സരത്തില്‍ മിന്നിത്തിളങ്ങിയാണ് കോലിപ്പട ഫൈനലിന് കച്ചമുറുക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ് സ്ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, ദേവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മാറ്റ് ഹെന്‍‌റി, കെയ്‌ല്‍ ജാമീസണ്‍, ടോം ലാഥം, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്നര്‍, ബി ജെ വാട്‌ലിങ്, വില്‍ യങ്. 

ന്യൂസിലന്‍ഡിന് ടോസ് കിട്ടിയാല്‍ ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പുറത്താക്കുമെന്ന് ഷെയ്ന്‍ ബോണ്ട്

'അവര്‍ പാട്ടുംപാടി ജയിക്കും'; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയികളെ പ്രവചിച്ച് ടിം പെയ്ന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios