Asianet News Malayalam

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: വെളിച്ചക്കുറവ് വില്ലനായി; ന്യൂസിലൻഡിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയിൽ

മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചായക്ക് മുമ്പും ശേഷവും വെളിച്ചക്കുറവ് മൂലം പലവട്ടം കളി നിർത്തിവെക്കേണ്ടിവന്നു.  കിവീസ് പേസാക്രമണത്തെ അതിജീവിച്ച് കോലിയും രഹാനെയും രണ്ടാം ദിനം ഇന്ത്യയെ 146 റൺസിലെത്തിച്ചു.

 

WTC Final: Kohli and Rahane steady the ship againt New Zeland, India 146/3 at stumps
Author
Southampton, First Published Jun 19, 2021, 11:00 PM IST
  • Facebook
  • Twitter
  • Whatsapp

സതാംപ്ടൺ: ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ദിനം മഴയാണ് കളിച്ചതെങ്കിൽ രണ്ടാം ദിനം അത് വെളിച്ചമായി. ആദ്യ ദിനം പൂർണമായും നഷ്ടമായെങ്കിൽ രണ്ടാം ദിനം 64.4 ഓവർ പന്തെറിഞ്ഞു. വെളിച്ചക്കുറവുമൂലം ലഞ്ചിനുശേഷം പലവട്ടം നിർത്തിവെച്ച മത്സരത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിലാണ്. 44 റൺസോടെ ക്യാപ്റ്റൻ വിരാട് കോലിയും 29 റൺസുമായി വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും ക്രീസിൽ.

ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ​ഗില്ലിന്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ചായക്ക് മുമ്പ് നഷ്ടമായത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ കിവീസ് പേസാക്രമണത്തെ അതിജീവിച്ച് ഓപ്പണിം​ഗ് വിക്കറ്റിൽ 62 റൺസെടുത്തു. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലായിരുന്നു.

ടോസിലെ ഭാ​ഗ്യം കൈവിട്ട് വീണ്ടും കോലി

ടോസിൽ ഒരിക്കൽ കൂടി കോലിയെ ഭാ​ഗ്യം കൈവിട്ടപ്പോൾ ഇന്ത്യ ആശങ്കയുടെ പിച്ചിലായിരുന്നു. കനത്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസ് ബൗളർമാർക്ക് അനുകൂലമാകുമെന്നായിരുന്നു വിലയിരുത്തിൽ. ടെസ്റ്റിന് ഒരു ദിവസം മുമ്പെ അന്തിമ ഇലവനെ പ്രഖ്യാപിച്ച ഇന്ത്യ രണ്ട് സ്പിന്നർമാരെ ടീമിലുൾപ്പെടുത്തിയപ്പോൾ കിവീസാകട്ടെ നാലു പേസർമാരും ഒരു പേസ് ഓൾ റൗണ്ടറുമായാണ് ​ഗ്രൗണ്ടിലിറങ്ങിയത്.

തുടക്കത്തിൽ എല്ലാം ശുഭം

രണ്ട് ദിവസമായി മൂടിയിട്ടിരുന്ന പിച്ച് പേസ് ബൗളർമാരെ അകമഴി‍ഞ്ഞ് പിന്തുണക്കുമെന്നും പേസർമാർക്ക് മികച്ച സ്വിം​ഗ് ലഭിക്കുമെന്നും കരുതിയെങ്കിലും പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും ചേർന്ന് തുടക്കമിട്ട കീവി ബൗളിം​ഗിനെ ഇന്ത്യൻ ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്.

സൗത്തി എറിഞ്ഞ ഇന്നിം​ഗ്സിലെ ആദ്യ പന്തിൽ തന്നെ രോഹിത് മൂന്ന് റൺസെടുത്തു. ആറാം ഓവറിൽ ബോൾട്ടിനെതിരെ ആയിരുന്നു ഇന്ത്യുടെ ആദ്യ ബൗണ്ടറി. ബോൾട്ടും സൗത്തിയും മാറി മാറി എറിഞ്ഞിട്ടും ഇന്ത്യൻ ഓപ്പണിം​ഗ് സഖ്യത്തിനെതിരെ കാര്യമായ ഒരവസരവും സൃഷ്ടിക്കാനാവാഞ്ഞതോടെ കീവി ക്യാപ്റ്റൻ വില്യംസൺ ആദ്യം ബൗളിം​ഗ് മാറ്റമായി കെയ്ൽ ജമൈസണെയും കോളിൻ ഡി ​ഗ്രാൻഡ്ഹോമെയും കൊണ്ടുവന്നു.

കുലുങ്ങാതെ രോഹിത്തും ​ഗില്ലും

ബൗളിം​ഗ് മാറ്റത്തിനും രോഹിത്തിനും ​ഗില്ലിനും ഭീഷണി ഉയർത്താനായില്ല. കോളിൻ ഡി ​ഗ്രാൻഡ്ഹോമെയുടെ പന്തിൽ രോഹിത്തിനെ കിവീസ് എൽബിഡബ്ല്യുവിനായി റിവ്യു ചെയ്തെങ്കിലും ഇൻസൈഡ് എഡ്ജ് ചെയ്തിരുന്നതിനാൽ ന്യൂസിലൻഡിന് റിവ്യു നഷ്ടമായി. 18-ാം ഓവറിൽ ​ഗ്രാൻഡ്ഹോമെയെ ബൗണ്ടറി കടത്തി രോഹിത് ഇന്ത്യയെ 50 കടത്തി.

രോഹിത്തിനെ മടക്കി ജമൈസൺ

ആത്മവിശ്വാസത്തോടെ മുന്നേറിയ രോഹിത്തിനെ ഒടുവിൽ ജമൈസണിന്റ ഔട്ട് സ്വിം​ഗർ കുടുക്കി. ഓഫ് സ്റ്റംപിന് പുത്തുപോയ പന്തിൽ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പിൽ ടിം സൗത്തി പറന്നു പിടിച്ചു. ഓപ്പണിം​ഗ് വിക്കറ്റിൽ രോഹിത്-​ഗിൽ സഖ്യം 62 റൺസെടുത്തു.
 
ആദ് ഓവറിൽ തന്നെ ആഞ്ഞടിച്ച് വാ​ഗ്നർ

രോഹിത് മടങ്ങിയതിന് പിന്നാലെ ഗില്ലും പൂജാരയും പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യൻ സ്കോർ ബോർഡിന് അനക്കമില്ലാതെയായി. ഇത് ​ഗില്ലിനെ സമ്മർദ്ദത്തിലാക്കി. ബൗളിം​ഗ് മാറ്റമായി എത്തിയ നീൽ വാ​ഗ്നറുടെ ആദ്യ ഓവറിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ​ഗിൽ മടങ്ങി. 30പന്തുകൾ നേരിട്ട ശേഷമാണ് പൂജാര ആദ്യ റണ്ണെടുത്തത്.

വൻമതിൽ തകർത്ത് ബോൾട്ട്
 
ആദ്യ റണ്ണെടുക്കാന് 35 പന്തുകൾ നേരിട്ട പൂജാര തുടർച്ചയായ ബൗണ്ടറികളുമായി സ്കോറിം​ഗ് തുടങ്ങിയപ്പോഴെ ഇന്ത്യയുടെ രണ്ടാം വൻമതിൽ ബോൾട്ട് തകർത്തു. എട്ട് റൺസെടുത്ത പൂജാരയെ ബോൾട്ട് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ ഇന്ത്യ പരുങ്ങലിലായി. 88 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർ.

എന്നാൽ പിന്നീടെത്തിയ രഹാനെ കോലിക്ക് മികച്ച പിന്തുണ നൽകിയപ്പോൾ മെല്ലെയെങ്കിലും ഇന്ത്യ 100 കടന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചായക്ക് മുമ്പും ശേഷവും വെളിച്ചക്കുറവ് മൂലം പലവട്ടം കളി നിർത്തിവെക്കേണ്ടിവന്നു.  കിവീസ് പേസാക്രമണത്തെ അതിജീവിച്ച് കോലിയും രഹാനെയും രണ്ടാം ദിനം ഇന്ത്യയെ 146 റൺസിലെത്തിച്ചു.

Follow Us:
Download App:
  • android
  • ios