
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനത്തിലെ കളി മഴ മുടക്കിയതിന് പിന്നാലെ വിവാദ ട്വീറ്റുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഇന്ത്യയെ മഴ രക്ഷിച്ചു എന്നായിരുന്നു ആദ്യ രണ്ടു സെഷനിലെയും കളി മഴ മൂലം തടസ്സപ്പെട്ടതിന് പിന്നാലെ വോണിന്റെ ട്വീറ്റ്. എന്നാൽ വോണിന്റെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി ഇന്ത്യൻ ആരാധകരും രംഗത്തെത്തി.
അതെ താങ്കളുടെ പ്രവചനങ്ങളെ മഴ രക്ഷിച്ചു എന്ന് പറയേണ്ടി വരുമെന്ന് ഒരു ആരാധകൻ കുറിച്ചപ്പോൾ ബൗണ്ടറികളുടെ കണക്കിൽ ഇഗ്ലണ്ട് ലോക കപ്പ് എടുത്തത് പോലെ എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.
മുമ്പും വോൺ ഇത്തരം വിവാദ ട്വീറ്റുകൾ നടത്തിയിട്ടുണ്ട്. ഇന്ത്യൻ പിച്ചുകളെ ഉഴുതു മറിച്ച പാടത്തോട് ഉപമിച്ച വോണിന്റെ ട്വീറ്റിനെതിരെയും ആരാധകർ മുമ്പ് രംഗത്തു വന്നിരുന്നു.
ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ രണ്ടു സെഷനും മഴ മൂലം പൂർണമായും നഷ്ടമായിരുന്നു. ഇപ്പോൾ മഴ ശമിച്ചിട്ടുണ്ടെങ്കിലും ഏത് സമയവും വീണ്ടും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ സമയം 7.30നു അമ്പയർമാർ പിച്ചും ഔട്ട് ഫീൽഡും പരിശോധിച്ച ശേഷമേ അവസാന സെഷനിൽ മത്സരം നടത്താനാവുമോ എന്ന് അറിയാനാവു.
ജൂണിലെ മഴയുള്ള കാലാവസ്ഥയിൽ ഇംഗ്ലണ്ടിൽ ഫൈനൽ വെച്ച ഐസിസി നടപടിക്കെതിരെയും സാമൂഹ മാധ്യമങ്ങളിൽ ആരാധകരോഷം ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!