വിജയാവേശം കാട്ടാതെ കോലിയുടെ തോളിൽ തല ചായ്ക്കാനുള്ള കാരണം വ്യക്തമാക്കി വില്യംസൺ

By Web TeamFirst Published Jul 1, 2021, 8:24 PM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അന്തിമഫലം മാത്രം നോക്കുന്നവർക്ക് അത് ഞങ്ങളുടെ അനായാസ വിജയമായിരുന്നുവെന്ന് തോന്നാം. എന്നാൽ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഒന്നും അനായാസമല്ലെന്നതാണ് യാഥാർത്ഥ്യം.

വെല്ലിം​ഗ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി കിരീടം നേടിയശേഷം ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ മുഷ്ടി ചുരുട്ടി വിജയാവേശം പ്രകടിപ്പിക്കുന്നതിന് പകരം കളിക്കാർക്കെല്ലാം ഹസ്തദാനം ചെയ്തശേഷം ഇന്ത്യൻ നായകൻ‌ വിരാട് കോലിയെ ആലിം​ഗനം ചെയ്ത് തോളിൽ തല ചായ്ച്ചു കിടന്ന ചിത്രം ക്രിക്കറ്റ് ലോകവും ആരാധകരും ആഘോഷിച്ചിരുന്നു. രാജ്യത്തിന്റെ ആദ്യ ലോകകിരീടം നേടിയിട്ടും എന്തുകൊണ്ടാണ് വിജയാവേശത്തിൽ മതിമറക്കാതിരുന്നതെന്ന് തുറന്നു പറയുകയാണ് കെയ്ൻ വില്യംസൺ. ക്രിക് ബസിന് നൽകിയ അഭിമുഖത്തിലാണ് കോലിയുടെ തോളിൽ തല ചായ്ച്ചതിനെക്കുറിച്ചും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെക്കുറിച്ചും മനസുതുറന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അന്തിമഫലം മാത്രം നോക്കുന്നവർക്ക് അത് ഞങ്ങളുടെ അനായാസ വിജയമായിരുന്നുവെന്ന് തോന്നാം. എന്നാൽ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഒന്നും അനായാസമല്ലെന്നതാണ് യാഥാർത്ഥ്യം. ഇന്ത്യക്കെതിരായ മത്സരങ്ങൾ എല്ലായ്പ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. കാരണം അവരുടെ കളിനിലവാരം തന്നെ. അതുപോലെ തന്നെയായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും കടുത്ത പോരാട്ടമായിരുന്നു. ശരിക്കും പറഞ്ഞാൽ കത്തിമുനയിലൂടെയുള്ള യാത്രപോലെയായിരുന്നു ഫൈനൽ. ഏത് സമയത്തും എങ്ങോട്ടുവേണമെങ്കിലും തിരിയാമായിരുന്ന മത്സരം.

മത്സരശേഷം കോലിയെ ആലിം​ഗനം ചെയ്ത് തോളിൽ തലചായ്ച്ചത് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയം ബന്ധത്തിന്റെയും ആഴം കാണിക്കുന്നതാണ്. വർഷങ്ങളായുള്ള ബന്ധമാണ് വിരാടും ഞാനും തമ്മിലുള്ളത്. അതുകൊണ്ടുതന്നെ മത്സരശേഷമുള്ള ആ ആലിം​ഗനം ഞങ്ങളുടെ ബന്ധത്തിന്റെ ആഴം വരച്ചുകാട്ടുന്നതുമായി. ക്രിക്കറ്റിനെക്കാൾ ആഴത്തിലുള്ള ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. അത് ‍ഞങ്ങൾക്ക് രണ്ടുേപേർക്കും നല്ലതുപോലെ അറിയുകയും ചെയ്യാം-വില്യംസൺ പറഞ്ഞു.

കടുത്തൊരു പോരാട്ടത്തിനൊടുവിൽ ഒരു ടീം കിരീടം നേടി. മറ്റേ ടീമിന് നിർഭാ​ഗ്യം കൊണ്ട് അത് നഷ്ടമായി. എങ്കിലും ​ഗ്രൗണ്ടിൽ പുറത്തെടുത്ത പോരാട്ടവീര്യത്തിന് ഇരു ടീമുകളും അഭിനന്ദനം അർഹിക്കുന്നുവെന്നും വില്യംസൺ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മഴ മൂലം പലവട്ടം തടസപ്പെട്ടെങ്കിലും റിസർവ് ദിനത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് കിരീടം നേടിയത്.

click me!