
ധാക്ക: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിൽ കലാശിക്കുകയും പരമ്പര 1-0ന് കൈവിടുകയും ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നങ്ങൾക്ക് തിരിച്ചടി നേരിട്ട് ബംഗ്ലാദേശ്. മത്സരം സമനിലയിലായതോടെ ബംഗ്ലാദേശിന്‍റ് പോയിന്‍റ് ശതമാനം 45.83 ആയി കുറഞ്ഞു. പരമ്പര തോറ്റെങ്കിലും പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തന്നെയാണ് ബംഗ്ലാദേശ്. എന്നാല്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയുമായുള്ള പോയിന്‍റ് വ്യത്യാസം വർധിച്ചത് ബംഗ്ലാദേശിന്‍റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവും. പരമ്പര വിജയത്തോടെ വെസ്റ്റ് ഇൻഡീസിന്‍റെ പോയിന്‍റ് ശതമാനം 27.38 ആയി ഉയർന്നുവെങ്കിലും എട്ടാം സ്ഥാനത്ത് തന്നെയാണ്. ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ ബംഗ്ലാദേശിന് തൊട്ടുമുന്നിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനം 369 റൺസ് വിജയലക്ഷ്യവുമായി നാലാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ 184-4 എന്ന നിലയിലായിരുന്നു. ആദ്യ ഇന്നിങ്സിൽ 242 റൺസുമായി പുറത്താകാതെ നിന്ന തൗഹീദ് ഹൃദോയ് രണ്ടാം ഇന്നിങ്സിലും 82 റൺസോടെ തിളങ്ങി ടീമിന്‍റെ രക്ഷകനായി. ഇതോടെ ഒരു ടെസ്റ്റ് മത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറിയും അർധസെഞ്ചുറിയും നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന ചരിത്രനേട്ടവും ഹൃദോയ് സ്വന്തമാക്കി. 40 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ പതറിയ ബംഗ്ലാദേശിനെ ഹൃദോയും 49 റൺസെടുത്ത മുഷ്ഫിഖുർ റഹീമും ചേർന്നുള്ള 135 റൺസിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സുരക്ഷിതമായ സമനിലയിലേക്ക് നയിച്ചത്. ഈ ഇന്നിങ്സിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരം എന്ന റെക്കോർഡും മുഷ്ഫിഖുർ റഹീം സ്വന്തം പേരിൽ കുറിച്ചു.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ഹസൻ മഹ്മൂദിന്‍റെ മികച്ച ബൗളിംഗിന്‍റെ (6-90) കരുത്തിലാണ് വെസ്റ്റ് ഇൻഡീസിനെ 356 റൺസിന് ബംഗ്ലാദേശ് പുറത്താക്കിയത്. തുടർന്ന് ഹൃദോയിയുടെ മികച്ച ഇന്നിങ്സിന്‍റെ മികവിൽ 386 റൺസ് നേടിയ ബംഗ്ലാദേശ് 30 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ കേവം ഹോഡ്ജിന്‍റെ സെഞ്ചുറിയുടെയും (142) അമീർ ജംഗൂവിന്‍റെ (39*) പ്രകടനത്തിന്‍റെയും ബലത്തിൽ 398-6 എന്ന നിലയിൽ വെസ്റ്റ് ഇൻഡീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തൈജുൽ ഇസ്ലാം, നയീം ഹസൻ, മെഹിദി ഹസൻ എന്നിവർ ചേർന്ന് വിൻഡീസിന്റെ രണ്ടാം ഇന്നിങ്സിലെ ആറ് വിക്കറ്റുകൾ പങ്കിട്ടു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വരും മാസങ്ങളിൽ മുൻനിര ടീമുകൾ തമ്മിൽ നിരവധി ടെസ്റ്റ് പരമ്പരകൾ നടക്കാനിരിക്കുന്നതിനാൽ പോയിന്‍റ് പട്ടികയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിലും ഇന്ത്യയും ന്യൂസിലൻഡും തമ്മിലും രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകളിൽ ഉടൻ ഏറ്റുമുട്ടും. കൂടാതെ 2027 തുടക്കത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഫൈനൽ സാധ്യതകളെ നിർണ്ണായകമായി സ്വാധീനിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!