
ബെംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഈ ഐപിഎല്‍ സീസണില്‍ കളിക്കാന്‍ സാധിക്കാത്തതിനെക്കുറിച്ച് ഒടുവില്‍ മനസ്സ് തുറന്ന് പേസര്‍ യാഷ് ദയാല്‍. ഈ വര്‍ഷം ടീമിനൊപ്പം ഇല്ലെങ്കിലും താന്‍ ഇപ്പോഴും ടീമിന്റെ ഭാഗമാണെന്ന് 28കാരനായ താരം വ്യക്തമാക്കി. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ ദയാല്‍ ഈ വര്‍ഷം ബെംഗളൂരു ടീമിനായി കളിക്കില്ലെന്ന് ആര്‍സിബി ക്രിക്കറ്റ് ഡയറക്ടര്‍ മോ ബോബറ്റ് അറിയിച്ചിരുന്നു. എന്നാല്‍ തന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോബറ്റിന്റെ ഈ വിശദീകരണത്തെ യാഷ് ദയാല്‍ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു.
'ടോക്ക് വിത്ത് മാന്‍വേന്ദ്ര' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ്, ഈ സീസണില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്ന് താരം വെളിപ്പെടുത്തിയത്. ''പുറത്തിരിക്കേണ്ടി വരുന്നത് വലിയ വിഷമമുള്ള കാര്യമാണ്. ടിവിയില്‍ അവരുടെ കളി കാണുമ്പോള്‍ ചിലപ്പോഴൊക്കെ ഞാന്‍ എഴുന്നേറ്റു പോകാറുണ്ട്. എങ്കിലും അത് എന്റെ ടീമാണ്, അവര്‍ എന്നെ ഒഴിവാക്കിയിട്ടില്ല. അവര്‍ എന്നെ നിലനിര്‍ത്തുകയും എനിക്ക് പകരം മറ്റൊരാളെ ടീമിലെടുക്കാതിരിക്കുകയും ചെയ്തു. ഞാന്‍ ടീമിന്റെ ഒരു പ്രധാന ഭാഗമാണെന്ന് അവര്‍ കരുതുന്നുണ്ടാകാം.'' ദയാല്‍ പറഞ്ഞു.
ദയാല്‍ തുടര്‍ന്നു... ''ഈ സീസണില്‍ നിന്ന് മാറിനില്‍ക്കുക എന്നത് എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നില്ല. ഈ പ്രസ്താവന ഒരുപക്ഷേ വിവാദമായേക്കാം, പക്ഷേ തീരുമാനങ്ങള്‍ എപ്പോഴും എടുക്കുന്നത് അധികാരികളാണ്. ആര്‍സിബിയുടെ ഈ തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ അവരെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.'' ദയാല്‍ പറഞ്ഞു. ടീമില്‍ നിന്ന് മാറിനില്‍ക്കുകയാണെങ്കിലും മെന്റര്‍ ദിനേഷ് കാര്‍ത്തിക് ഉള്‍പ്പെടെയുള്ള ആര്‍സിബി മാനേജ്മെന്റുമായി താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ യാഷ് ദയാല്‍ നേരിടുന്ന നിയമനടപടികളാണ് അദ്ദേഹത്തിന് മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ലൈംഗിക ചൂഷണം, പോക്‌സോ നിയമപ്രകാരമുള്ള കേസ് എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് താരത്തിനെതിരെയുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!