
വിശാഖപട്ടണം: ഇംഗ്ലണ്ടിനെിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യയെ താങ്ങിനിര്‍ത്തിയത് യശസ്വി ജയ്സ്വാളിന്‍റെ ഇന്നിംഗ്സാണ്. മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ളവര്‍ നല്ല തുടക്കം കിട്ടിയിട്ടും വലിയ സ്കോര്‍ നേടാതെ മടങ്ങിയപ്പോള്‍ ആക്രമണവും പ്രതിരോധവും സമാമസം ചാലിച്ച ഇന്നിംഗ്സിലൂടെ 161 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന യശസ്വിയാണ് ഇന്ത്യയുടെ സമ്മര്‍ദ്ദമൊഴിവാക്കിയത്.
235 പന്തില്‍ 17 ബൗണ്ടറിയും നാലു സിക്സും പറത്തി നില്‍ക്കുന്ന യശസ്വി വീണ്ടും ഇന്ത്യയുടെ രക്ഷകനാകുമ്പോള്‍ യുവതാരത്തെക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പണ്ട് എക്സില്‍ കുറിച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
യശസ്വി ജൂനിയര്‍ ക്രിക്കറ്റില്‍ സെഞ്ചുറി അടിച്ചശേഷം ബാറ്റുയര്‍ത്തി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച രോഹിത് കുറിച്ചത് നെക്സറ്റ് സൂപ്പര്‍ സ്റ്റാര്‍ എന്നായിരുന്നു. 2020 മാര്‍ച്ച് 30നായിരുന്നു എക്സില്‍ രോഹിത്തിന്‍റെ പോസ്റ്റ് വന്നത്. ഇപ്പോള്‍ നാലു വര്‍ഷത്തിനുശേഷം രോഹിത്തിന് മുന്നില്‍ താന്‍ അടുത്ത സൂപ്പര്‍ താരം തന്നെയാണെന്ന് യശസ്വി അടിവരയിടുകയാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ യശസ്വി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ രണ്ടാം സെഞ്ചുറിയാണ് ഇന്ന് കുറിച്ചത്. ഇത്തവണത്തെ ലോത ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ബാറ്ററും യശസ്വിയാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ തകര്‍ത്തടിച്ച യശസ്വി 74 പന്തില്‍ 80 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇന്ന് വിശാഖപട്ടണത് സിക്സ് അടിച്ചാണ് യശസ്വി കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ യശസ്വിയുടെ സെഞ്ചുറി കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ്.