നാലാം സ്ഥാനത്ത് ഇന്ത്യയുടെ സീനിയര്‍ താരമായ ചേതേശ്വര്‍ പൂജാരയാണ്. നാലു മത്സരങ്ങളില്‍ 535 റണ്‍സാണ് പൂജാരയുടെ നേട്ടം.
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പില്‍ കേരളം നിരാശാജനകമായ പ്രകടനം തുടരുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ വിധു വിനോദ് ചോപ്രയുടെ മകന്‍ അഗ്നി ചോപ്ര. പ്ലേറ്റ് ലീഗില്‍ ഇതുവരെ കളിച്ച നാലു രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി 95.88 ശരാശരിയിലും 111.82 സ്ട്രൈക്ക് റേറ്റിലും 767 റണ്‍സടിച്ചാണ് അഗ്നി ചോപ്ര ഒന്നാം സ്ഥാനത്തെത്തിയത്. നാലു മത്സരങ്ങളിലെ എട്ട് ഇന്നിംഗ്സുകളില്‍ അഞ്ച് സെഞ്ചുറിയാണ് അഗ്നി ചോപ്ര അടിച്ചുകൂട്ടിയത്.
രണ്ടാം സ്ഥാനത്ത് തമിഴ്നാട് താരം എന്‍ ജഗദീശനാണ്. നാലു മത്സരങ്ങളില്‍ 600 റണ്‍സാണ് ജഗദീശന്‍റെ നേട്ടം. ശരാശരിയാകട്ടെ 200 ആണ്. ആരുണാചല്‍പ്രദേശിനെതിരെ ലോക റെക്കോര്‍ഡ് പ്രകടനവുമായി അതിവേഗ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച ആന്ധ്രയുടെ തന്‍മയ് അഗര്‍വാളാണ് മൂന്നാം സ്ഥാനത്ത്. നാലു മത്സരങ്ങളില്‍ 137.82 സ്ട്രൈക്ക് റേറ്റും 148.50 ശരാശരിയുമായി 594 റണ്‍സാണ് തന്‍മയ് അഗര്‍വാള്‍ അടിച്ചു കൂട്ടിയത്.
നാലാം സ്ഥാനത്ത് ഇന്ത്യയുടെ സീനിയര്‍ താരമായ ചേതേശ്വര്‍ പൂജാരയാണ്. നാലു മത്സരങ്ങളില്‍ 535 റണ്‍സാണ് പൂജാരയുടെ നേട്ടം. നാലു മത്സരങ്ങളില്‍ 378 റണ്‍സടിച്ച റിയാന്‍ പരാഗ് 11-ാമതും നാലു കളികളില്‍ 369 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ പതിമൂന്നാം സ്ഥാനത്തുമുള്ളപ്പോള്‍ കേരള ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ആദ്യ 20ല്‍ പോലുമില്ല. 357 റണ്‍സടിച്ച സച്ചിന്‍ ബേബിയാണ് സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച മലയാളി താരം.
സഞ്ജു സാംസണ്‍ ഉത്തര്‍പ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സെടുത്തപ്പോള്‍ ആസമിനെതിരായ രണ്ടാം മത്സരത്തില്‍ സഞ്ജു അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി കളിച്ചതിനാല്‍ കേരളത്തിനായി കളിക്കാനായില്ല. മുംബൈക്കെതിരായ മുന്നാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 38 റണ്‍സെടുത്ത സഞ്ജു രണ്ടാം ഇന്നിംഗ്സില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും കേരളം വമ്പന്‍ തോല്‍വി വഴങ്ങി. ബിഹാരിനെതിരായ അവസാന മത്സരത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സഞ്ജു വിട്ടു നില്‍ക്കുകയും ചെയ്തു. എലൈറ്റ് ഗ്രൂപ്പിലെ രണ്ട് കളികളിലെ മൂന്ന് ഇന്നിംഗ്സുകളില്‍ 88 റണ്‍സ് മാത്രമാണ് ഇത്തവണ രഞ്ജിയില്‍ സഞ്ജുവിന്‍റെ നേട്ടം. രഞ്ജിയില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച കേരളം നാളെ ഛത്തീസ്ഗഡിനെതിരെ കളിക്കാനിറങ്ങും.
