'ധോണി ഒരു സുപ്രഭാതത്തില്‍ സൂപ്പര്‍ താരമായതല്ല, പന്തിന് സമയം നല്‍കണം'; പിന്തുണച്ച് യുവി

By Web TeamFirst Published Sep 24, 2019, 3:51 PM IST
Highlights

പന്തിനെ മാറ്റി പകരം സഞ്‌ജു സാംസണ്‍. ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെയെങ്കിലും കൊണ്ടുവരണം എന്ന ആവശ്യത്തിനിടെയാണ് യുവിയുടെ പ്രതികരണം

മുംബൈ: ബാറ്റിംഗ് പരാജയത്തിന്‍റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിന് യുവ്‌രാജ് സിംഗിന്‍റെ പിന്തുണ. എം എസ് ധോണി ഒരു സുപ്രഭാതത്തില്‍ സൂപ്പര്‍താരമായതല്ലെന്നും മികവിലേക്കെത്താന്‍ പന്തിന് സമയം നല്‍കണമെന്നും യുവി ആവശ്യപ്പെട്ടു. പന്തിനെ മാറ്റി പകരം സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെയെങ്കിലും കൊണ്ടുവരണം എന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് യുവിയുടെ പ്രതികരണം.

എം എസ് ധോണി ഒരു സുപ്രഭാതത്തില്‍ സൂപ്പര്‍ താരമായതല്ല, കുറച്ച് വര്‍ഷങ്ങളെടുത്തു. അദേഹത്തിന് പകരക്കാരന്‍ വരാനും കുറച്ച് വര്‍ഷങ്ങളെടുക്കും. ടി20 ലോകകപ്പിന് ഒരു വര്‍ഷം ബാക്കിയുണ്ട്. ഈ സമയം ഏറെയാണെന്നും യുവി ഇന്ത്യ ടുഡേയോട് പറഞ്ഞു. 

ഋഷഭ് പന്തില്‍ നിന്ന് എത്രത്തോളം മികച്ച പ്രകടനം ലഭിക്കും എന്നത് അദേഹത്തിന്‍റെ മാനസികാവസ്ഥാ അനുസരിച്ചുകൂടിയിരിക്കും. പന്തിന്‍റെ മാനസികാവസ്ഥ മനസിലാക്കി വേണം പദ്ധതി തയ്യാറാക്കാന്‍. തുടക്കത്തിലെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അയാളിലെ മികച്ച പ്രകടനം നമുക്ക് കാണാനാവില്ല. പന്തിന് ഏറെ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ എങ്ങനെ മികച്ച പ്രകടനം കണ്ടെത്താന്‍ കഴിയും?. പരിശീലകര്‍ക്കും ക്യാപ്റ്റനും ഏറെ മാറ്റങ്ങള്‍ വരുത്താനാകുമെന്നും യുവി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഋഷഭ് പന്ത് സമ്പൂര്‍ണ പരാജയമായതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് റണ്‍സും മൂന്നാം ടി20യില്‍ 19 റണ്‍സുമായിരുന്നു പന്തിന്‍റെ സമ്പാദ്യം. ഇതോടെയാണ് പന്തിന് പകരക്കാരനായി സഞ്‌ജു ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായത്. 

click me!